HOME
DETAILS
MAL
നാല് വിമാനത്താവളങ്ങളിലും വിപുലമായ സജ്ജീകരണമൊരുക്കും: മുഖ്യമന്ത്രി
backup
April 27 2020 | 02:04 AM
തിരുവനന്തപുരം: പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണമൊന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. വീടുകളില്‍ അതിനുള്ള സൗകര്യമില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ഒരുക്കുന്ന നിരീക്ഷണ കേന്ദ്രത്തില്‍ കഴിയണം. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രവാസികളെ പരമാവധി സഹായിക്കാന്‍ നോര്‍ക്ക ഹെല്പ് ഡെസ്ക് നിലവില്‍ വന്നിട്ടുണ്ട്.
വലിയ കാലതാമസമില്ലാതെ യാത്രാസൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇതിന് വിവിധ ഘട്ടങ്ങള്‍ ഉണ്ടാകും. അക്കാര്യത്തില്‍ നാം ചിട്ട പാലിക്കണം. വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും ഒന്നിച്ചുകൊണ്ടുവരാനുള്ള വിമാന സര്‍വിസ് ഉണ്ടാവാനിടയില്ല. റഗുലര്‍ സര്‍വിസ് ആരംഭിക്കുംമുന്‍പ് പ്രത്യേക വിമാനത്തില്‍ അത്യാവശ്യമാളുകളെ കൊണ്ടുവരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ നോര്‍ക്ക വെബൈ്സറ്റ് തയാറാക്കിയിട്ടുണ്ട്. ഇതില്‍ പേര് രജിസ്റ്റര്‍ ചെയ്താല്‍ കൊണ്ടുവരേണ്ട ആള്‍ക്കാരുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ലാതെ മുന്‍ഗണനാക്രമം തീരുമാനിക്കാനാകും. വിമാനം കയറുന്നതുമുതല്‍ വീട്ടിലെത്തുന്നതുവരെ ഉപകരിക്കുന്ന സംവിധാനമാകും ഇത്.
നാട്ടിലെത്തുന്ന പ്രവാസിയെ സ്വീകരിക്കുന്ന ഏര്‍പ്പാടുകള്‍ പാടില്ല. സ്വന്തം വാഹനം വരികയാണെങ്കില്‍ ഡ്രൈവര്‍ മാത്രമേ പാടുള്ളൂ. വീട്ടിലേക്ക് പോകുന്ന പ്രവാസി നേരെ വീട്ടിലേക്കായിരിക്കണം പോകേണ്ടത്. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരെ അതിനിടയില്‍ സന്ദര്‍ശിക്കരുത്.
രോഗലക്ഷണത്തോടെ നിരീക്ഷണകേന്ദ്രത്തിലേക്ക് പോകേണ്ടിവരുന്നവരെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. അത്തരക്കാരെ കൊവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. അവരുടെ ലഗേജ് ബന്ധപ്പെട്ട സെന്ററുകളില്‍ ഭദ്രമായി സൂക്ഷിക്കും. യാത്ര ആരംഭിക്കുന്നതിനു മുന്‍പ് പരിശോധന നടത്തുന്നുണ്ടെങ്കില്‍ അതിനുള്ള തയാറെടുപ്പും നടത്തേണ്ടതുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്ക് തന്നെ എടുക്കണം. കപ്പല്‍ മാര്‍ഗമുള്ള യാത്ര ആരംഭിക്കുന്നതിന് കേന്ദ്രവുമായി ചര്‍ച്ച ചെയ്യും.
തിരിച്ചുവരുന്ന പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ പ്രവേശനം ആവശ്യമാണെങ്കില്‍ സര്‍ക്കാര്‍ അതു ഉറപ്പാക്കുമെന്നും അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം.എ. യൂസുഫലി, രവി പിള്ള, ഡോ. ആസാദ് മൂപ്പന്, ജോണ്സണ് (ഷാര്‍ജ), ഷംസുദീന്‍, ഒ.വി. മുസ്തഫ (യു.എ.ഇ), പുത്തൂര്‍ റഹ്മാന് (യു.എ.ഇ), പി. മുഹമ്മദലി (ഒമാന്‍), സി.വി. റപ്പായി, പി.വി രാധാകൃഷ്ണപ്പിള്ള (ബഹ്റൈന്‍), കെ.പി.എം സാദിഖ്, അഹമ്മദ് പാലയാട്, പി.എം. നജീബ്, എം.എ വാഹിദ് (സഊദി), എന്‍. അജിത് കുമാര്‍, ഷര്‍ഫുദീന്‍, വര്‍ഗീസ് പുതുകുളങ്ങര (കുവൈത്ത്), ഡോ. വര്‍ഗീസ് കുര്യന് (ബഹ്റൈന്‍), ജെ.കെ മേനോന് (ഖത്തര്‍), പി.എം. ജാബിര്‍ (മസ്കത്ത്), എ.കെ. പവിത്രന് (സലാല) തുടങ്ങിയവര്‍ വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."