പ്രതിരോധ കിടങ്ങുകള്‍ നികന്നു; കാട്ടാനകള്‍ കൃഷിയിടങ്ങളിലേക്ക്
പുല്‍പ്പള്ളി: കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ കയറുന്നത് തടയുന്നതിനായി വനാതിര്‍ത്തികളില്‍ നിര്‍മിച്ച പ്രതിരോധ കിടങ്ങുകള്‍ അറ്റകുറ്റപണികള്‍ നടത്താത്തതുമൂലം നികന്നതിനെ തുടര്‍ന്ന് ഉപയോഗശൂന്യമായി.
ജില്ലയില്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ കോടിക്കണക്കിന് രൂപയാണ് പ്രതിരോധ കിടങ്ങുകള്‍ നിര്‍മിക്കുന്നതിനായി ചിലവഴിച്ചത്. എന്നാല്‍ സമയാസമയങ്ങളില്‍ ഇവയുടെ അറ്റകുറ്റപണികള്‍ നടത്താത്തത് പ്രതിരോധ കിടങ്ങുകള്‍ ഉപയോഗശൂന്യമാക്കി.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് ജില്ലയില്‍ വനാതിര്‍ത്തികളില്‍ കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ കയറുന്നത് തടയുന്നതിനായി കിടങ്ങുകള്‍ നിര്‍മിച്ചത്. തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി ലക്ഷക്കണക്കിന് പ്രവൃത്തി ദിനങ്ങളാണ് ഇതിനായി ചിലവഴിച്ചത്. വനംവകുപ്പിന്റെ നിയമങ്ങള്‍ മിറകടന്നായിരുന്നു ഇവയുടെ നിര്‍മാണം. പെര്‍ക്കുലേഷന്‍ ട്രഞ്ച്-എന്നപേരിലായിരുന്നു പ്രതിരോധ കിടങ്ങുകളുടെ നിര്‍മാണം. വനത്തില്‍ നിന്നും ഒഴുകി പ്പോകുന്ന മഴവെളളം മണ്‍കുഴികളില്‍ സംഭരിക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ ഈ പദ്ധതി.
എന്നാല്‍ കര്‍ഷകരുടെ ദുരിതം ഒഴിവാക്കുന്നതിനായി പെര്‍ക്കുലേഷന്‍ ട്രഞ്ചുകള്‍ പ്രതിരോധകിടങ്ങുകളായി രൂപാന്തരം പ്രാപിക്കുകയായിരുന്നു.വനത്തില്‍ ഒരു സ്ഥലത്തും പെര്‍ക്കുലേഷന്‍ ട്രഞ്ചുകളില്‍ മഴവെളളം സംഭരിക്കപ്പെട്ടിട്ടില്ല.
ട്രഞ്ചുകളില്‍ വെളളം കെട്ടിനിന്നാല്‍ ഇവ നികന്നുപോകുമെന്ന കാരണത്താല്‍ കിടങ്ങുകളുടെ ഏറ്റവും താഴ്ന്ന ഭാഗം തുറന്നുവിടുകയായിരുന്നു. പ്രതിരോധ കിടങ്ങുകള്‍ നിര്‍മിച്ച ആദ്യഘട്ടങ്ങളില്‍ ഇവ കാട്ടാനകളെ കൃഷിയിടത്തില്‍നിന്നും അകറ്റി നിര്‍ത്തുന്നതിന് ഉപകരിച്ചിരുന്നു.
രണ്ടു വര്‍ഷം മുമ്പുവരെ ഇവയുടെ അറ്റകുറ്റപണികള്‍ കൃത്യമായി നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഇവ ഉള്‍പ്പെടുത്താതിരുന്നതുമൂലം കിടങ്ങുകള്‍ പലയിടങ്ങളിലും ഇടിഞ്ഞു വീണ് നികന്നു. ഇതോടെ കാട്ടാനകള്‍ നിര്‍ബാധം കൃഷിയിടങ്ങളില്‍ കയറുവാന്‍ തുടങ്ങി. കിടങ്ങുകള്‍ നിര്‍മിച്ചപ്പോള്‍ കല്ല് ഉണ്ടായിരുന്ന സ്ഥലങ്ങളിലും ചതുപ്പ് പ്രദേശങ്ങളിലും കിടങ്ങുകള്‍ നിര്‍മിക്കാത്തതുമൂലം ആനകള്‍ ഇതുവഴി മുമ്പുതന്നെ കൃഷിയിടങ്ങളില്‍ കയറാറുണ്ടായിരുന്നു.
അറ്റകുറ്റപണി നിലച്ച് കിടങ്ങുകള്‍ വ്യാപകമായി ഇടിയുവാനും തുടങ്ങിയതോടെ പ്രതിരോധകിടങ്ങുകളുടെ നിര്‍മ്മാണത്തിനായി മുടക്കിയ കോടിക്കണക്കിന് രൂപ വെറുതെയായി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ വനത്തിലെ ഇല്ലികള്‍ പൂത്ത് വ്യാപകമായി ഇല്ലി വിത്ത് കിടങ്ങുകളില്‍ വീണ് മുളച്ച് വളര്‍ന്നതിനാല്‍ കിടങ്ങുകള്‍ നികക്കുന്നതിന് ഇവയും സഹായകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."