ദുരിതാശ്വാസ ക്യാംപിലുള്ളവര്‍ വീട്ടിലേക്ക് മടങ്ങി
കുന്ദമംഗലം: രണ്ടു ദിവസമായി തകര്‍ത്തുപെയ്ത മഴയിലും ഉരുള്‍പൊട്ടലിലും ചെറുപുഴയില്‍ വെള്ളം കയറിയുണ്ടായ ദുരിതത്തിന് അറുതിയായി. വ്യാഴാഴ്ച രാവിലെ മുതല്‍ കയറിയ വെള്ളം ഉച്ചയോടെ പിന്‍വലിഞ്ഞു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പിലാശേരി എ.എല്‍.പി സ്‌കൂളില്‍ അഭയം തേടിയ കുടുംബങ്ങള്‍ വെള്ളം ഒഴിവായത്തോടെ വീട്ടിലേക്ക് മടങ്ങി.
അന്‍പതോളം ആളുകളാണ് ഇന്നലെ സ്‌കൂളില്‍ കഴിഞ്ഞിരുന്നത്. ഇവര്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. അതേസമയം വ്യാഴാഴ്ചയുണ്ടായ മലവെള്ളത്തില്‍ പിലാശേരി കാക്കേരി-ചേനോത്ത് കോണ്‍ക്രീറ്റ് പാലം പൂര്‍ണമായും തകര്‍ന്നു. പാലത്തിന്റെ സ്ലാബുകളാണ് വെള്ളത്തില്‍ ഒലിച്ചുപോയത്. വ്യാഴാഴ്ച വൈകിട്ട് ഈപാലം കാണാന്‍ പറ്റാത്ത രീതിയില്‍ പാലത്തിന് മുകളില്‍ വെള്ളം കയറിയിരുന്നു.
വെള്ളിയാഴ്ച രാവിലെ വെള്ളം ഒഴിഞ്ഞുപോയപ്പോഴാണ് പാലം ഒലിച്ചുപോയതറിഞ്ഞത്. ബി.വി അബ്ദുല്ലക്കോയ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതായിരുന്നു ഈ പാലം. ആദ്യം നടപ്പാലമായി ഉപയോഗിച്ചിരുന്ന പാലം നാട്ടുകാരുടെ ആവശ്യപ്രകാരം 2009ല്‍ അന്ന് എം.എല്‍.എ ആയിരുന്ന യു.സി രാമന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് മൂന്നുലക്ഷം രൂപ വകയിരുത്തി നടപ്പാത നിര്‍മിക്കുകയും പിന്നീട് ഇതുവഴി മുച്ചക്ര വാഹനങ്ങള്‍ കടത്തി വിടുകയും ചെയ്തിരുന്നു.
ചാത്തമംഗലം പഞ്ചായത്തിലെ ചേനോത്ത് ഭാഗങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് കുന്ദമംഗലം, കൊടുവള്ളി ഭാഗങ്ങളിലേക്ക് പോവാന്‍ ഉപയോഗിച്ചിരുന്ന പാലമായിരുന്നു ഇത്. ചേനോത്ത് ഭാഗത്തുള്ള പലര്‍ക്കും പിലാശേരി റേഷന്‍ കടയിലാണ് റേഷന്‍ കാര്‍ഡുള്ളത്. ഈപാലത്തിനെ ആശ്രയിച്ചിരുന്ന നാട്ടുകാരും വിദ്യാര്‍ഥികളും പാലം തകര്‍ന്നതോടെ ഇനി മൂന്ന് കിലോമീറ്റര്‍ ചുറ്റിവേണം പിലാശേരിയിലെത്താന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."