പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം: ആശുപത്രിക്കെതിരേ ബന്ധുക്കള്‍
വടകര: തലശേരി താലൂക്ക് ആശുപത്രിയില്‍ യുവതിയും ഗര്‍ഭസ്ഥശിശുവും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരേ അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. ഒഞ്ചിയം സ്വദേശി വിനീഷിന്റെ ഭാര്യയും മാഹി പന്തക്കല്‍ തിയ്യകണ്ടിയില്‍ രാജന്റെ മകളുമായ നിധിനയും കുഞ്ഞുമാണ് മരണപ്പെട്ടത്. ജൂണ്‍ 11നാണ് ഇവരെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യപ്രസവത്തിന്റെ സമയത്ത് ആസ്ത്മ രോഗമുണ്ടായിരുന്ന കാര്യം അഡ്മിഷന്‍ സമയത്തുതന്നെ ഡോക്ടറെ അറിയിച്ചിരുന്നതായും അതു ഡോക്ടര്‍ രേഖപ്പെടുത്തിയതായും വിനീഷ് ആശുപത്രി സൂപ്രണ്ടിനയച്ച പരാതിയില്‍ പറയുന്നു.
ജൂണ്‍ 12നു രാവിലെ പ്രസവമുറിയിലേക്കു കൊണ്ടുപോയപ്പോള്‍ ആരോഗ്യസ്ഥിതിയെകുറിച്ച് നിധിന ഡോക്ടര്‍മാരോട് പറഞ്ഞതായും സിസേറിയന് ആവശ്യപ്പെട്ടിരുന്നതായും പറയുന്നു. എന്നാല്‍ പ്രസവമുറിയിലുണ്ടായിരുന്നവര്‍ മോശമായ ഭാഷയിലാണ് ഇതിനോടു പ്രതികരിച്ചത്. തുടര്‍ന്ന് വൈകിട്ട് അമ്മയുടെ നില ഗുരുതരമാവുകയും ജീവന്‍ നിലനിര്‍ത്താന്‍ കുഞ്ഞിനെ നഷ്ടപ്പെടുത്തേണ്ടി വരുമെന്ന് ആശുപത്രി അധികാരികള്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം വിട്ടുതരാന്‍ പരാതിയില്ലെന്ന് എഴുതിക്കൊടുക്കേണ്ടി വന്നതായും വിനീഷ് പറയുന്നു. ഗരുതരാവസ്ഥയിലായ നിധിനയെ തലശേരിയിലെ ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് മാറ്റാന്‍ പറഞ്ഞപ്പോള്‍ സമ്മതിച്ചില്ലെന്നും കോഴിക്കൊട്ടെ ആശുപത്രിയില്‍ നിന്ന് ഐ.സി.യു സജ്ജീകരണമുള്ള ആംബുലന്‍സ് എത്തിയ ശേഷമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലത്തെിച്ചത്.
വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി രണ്ടു ദിവസങ്ങള്‍ക്കുശേഷം മരിക്കുകയായിരുന്നു. തലശേരി ഗവ. താലൂക്ക് ആശുപത്രിയിലെ അനാസ്ഥയാണ് തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നും സൂപ്രണ്ടിനു നല്‍കിയ പരാതിയില്‍ പറയുന്നു.
കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. സരോജിനിയാണ് നിധിനയുടെ മാതാവ്. മകള്‍: വൈഗ (കല്ലാമല യു.പി). സഹോദരങ്ങള്‍: രാജേഷ്, നിധീഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."