മഴക്കാലമായതോടെ നഗരം മാലിന്യത്തില്‍ മുങ്ങുന്നു
പാലക്കാട്: ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ നഗരത്തിലെ മാലിന്യ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി. പാലക്കാട് നഗരപ്രദേശങ്ങളില്‍ മഴയില്‍ മാലിന്യം ഒലിച്ചിറങ്ങുന്നതിനാല്‍ ജനങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. നഗരസഭയുടെ മാലിന്യ സംസ്‌കരണ കേന്ദ്രമായ കൊടുമ്പ് പഞ്ചായത്തിലെ കുപ്പക്കാട് സ്ഥിതി ചെയ്യുന്ന നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് മാലിന്യം പൂര്‍ണ്ണമായും കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്.
പഞ്ചായത്തുമായി മൂന്‍ ഭരണ സമിതിക്കാര്‍ ഉണ്ടാക്കിയ കരാറുകള്‍ നഗരസഭ പാലിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കരാറിലെ വ്യവസ്ഥകള്‍ പാലിക്കാതെ പഞ്ചായത്തുമായി നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും ഗുണമുണ്ടായില്ല. ട്രഞ്ചിങ് ഗ്രൗണ്ടിലെ വളനിര്‍മ്മാണ യൂണിറ്റിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല. സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരം, ടൗണ്‍ ബസ് സ്റ്റാന്റ്് പരിസരം, ബി.ഒ.സി റോഡ്, കാണിക്കമാതാ ബൈപാസ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ വഴിയരികില്‍ മാലിന്യം തള്ളിയിരിക്കുന്നത് കാണാം. നഗരപ്രാന്ത പ്രദേശങ്ങളില്‍നിന്ന് മാലിന്യം കവറുകളിലാക്കി വാഹനങ്ങളില്‍ നഗരത്തിനുള്ളില്‍ കൊണ്ടിടുന്നത് ഇപ്പോഴും തുടരുന്നു. മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഒന്നും കാര്യക്ഷമമായില്ല. മാത്രമല്ല, നിയമങ്ങള്‍ ഉണ്ടാക്കുന്നതല്ലാതെ അത് പൊതുജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ കഴിയുന്നില്ല. മാലിന്യം സ്വീകരിക്കാന്‍ എല്ലാ വാര്‍ഡുകളിലും സംഭരണകേന്ദ്രങ്ങള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രാബല്യത്തിലെത്തിയില്ല.
നിലവില്‍ തുറന്ന പല മാലിന്യ സ്വീകരണ കേന്ദ്രങ്ങളിലും അകത്തും പുറത്തുമൊക്കെയായി മാലിന്യം കുന്നു കൂട്ടിയിടുന്ന സ്ഥിതിയുമുണ്ട്. ഇവിടെനിന്ന് മാലിന്യം ശേഖരിക്കാനും നഗരസഭ അധികൃതര്‍ നടപടിയെടുത്തില്ല. മാലിന്യ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ നഗരസഭാ പ്രത്യേകം യോഗം ചേര്‍ന്ന് നിരവധി തീരുമാനങ്ങള്‍ എടുത്തെങ്കിലും ഒന്നും നടന്നില്ല.
അഴുക്കുചാലുകള്‍ വൃത്തിയാക്കിയില്ല. ഫോഗിങ് പോലും കാര്യക്ഷമമായില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം കുന്നുകൂടി കിടക്കുന്നുണ്ട്. നിലവില്‍ പ്ലാസ്റ്റിക് മാലിന്യം എന്തുചെയ്യണമെന്ന കാര്യത്തില്‍ നഗരഭരണക്കാര്‍ക്കുപോലും നിശ്ചയമില്ല. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം പൊതുസ്ഥലത്ത് കത്തിച്ച നഗരസഭ നടപടി നേരത്തേ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ പലയിടത്തായി കൂട്ടിയിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."