റോഡ് നിര്‍മാണം: ഗതാഗതം ദുഷ്കരം
എടപ്പാള്‍: മഴ കനത്തതോടെ നീലിയാട് മുതല്‍ എടപ്പാള്‍ വരെയുള്ള പാത ചെളിക്കുളമായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും ദുഷ്കരമായി. റോഡിന്റെ ഇരുവശങ്ങളും വീതികൂട്ടി കാനകള്‍ നിര്‍മിച്ചു നവീകരിക്കുകയാണ്. നാലരക്കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.
രണ്ടുമാസം മുന്‍പ് ആരംഭിച്ച നിര്‍മാണം ഇനിയും എങ്ങുമെത്തിയിട്ടില്ല. പഴയ ടാറിങ് പൊളിച്ചുമാറ്റി മണ്ണെടുത്ത് ആഴംകൂട്ടി കോണ്‍ക്രീറ്റ് മിശ്രിതംനിറച്ച് ബലപ്പെടുത്തുന്ന ജോലികളാണു പലയിടത്തും നടക്കുന്നത്. ഇതിനു പുറമേ വട്ടംകുളം സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായുള്ള പ്രവൃത്തികളും നടക്കുന്നുണ്ട്. മഴ പെയ്തതോടെ ഈ ഭാഗങ്ങളിലെല്ലാം വെള്ളം കെട്ടിനിന്ന് വഴിനടക്കാന്‍പോലും കഴിയാത്ത അവസ്ഥയിലായി.
വാഹനങ്ങള്‍ക്കു സുഗമമായി കടന്നുപോകാന്‍ കഴിയാത്തതിനാല്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്‍വശത്ത് വെള്ളം കെട്ടിനില്ക്കുന്നതുമൂലം വ്യാപാരികളും ബുദ്ധിമുട്ടിലായി. കടകള്‍ക്ക് മുന്‍വശം പൊളിച്ചുനീക്കുന്നത് സംബന്ധിച്ച തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്. ചിലയിടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളുടെ മുന്‍വശംവരെ പൊളിച്ചുനീക്കിയെങ്കിലും മറ്റു ചിലയിടത്ത് മുന്‍വശം ഒഴിച്ചിട്ടത് പ്രതിഷേധത്തിനിടയാക്കി. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കവും ഉടലെടുത്തു. നിര്‍മാണത്തിന്റെ ഭാഗമായി വട്ടംകുളം അങ്ങാടിയിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ പൊളിച്ചുമാറ്റി. ഇതോടെ ബസ് കാത്തുനില്ക്കുന്നവര് വെയിലും മഴയും കൊണ്ട് നില്‍ക്കേണ്ട അവസ്ഥയുമുണ്ട്. നിര്‍മാണം വേഗത്തിലാക്കി നിലവിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."