ശ്രീലങ്കന്‍ പ്രസിഡന്റിന് നേരെ വധശ്രമം; മലയാളിയെ കോടതി വെറുതെവിട്ടു
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മലയാളിയെ കോടതി വെറുതെവിട്ടു. കഴിഞ്ഞ ഒക്ടോബറില്‍ അറസ്റ്റിലായ മര്‍സെല തോമസിനെയാണ് തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടത്.
സിരിസേനയെയും മുന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെയുടെ സഹോദരനും മുന്‍ പ്രതിരോധമന്ത്രിയുമായ ഗോട്ടഭയ്യ രാജപക്‌സെയെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്നായിരുന്നു കേസ്. പൊലിസിനു വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നയാളുടെ (ഇന്‍ഫോര്‍മര്‍) പരാതിയില്‍ ഗൂഢാലോചനാ കുറ്റത്തിന് കേസെടുത്തായിരുന്നു അറസ്റ്റ്.
എന്നാല്‍ ഇന്നലെ പ്രോസിക്യൂട്ടറുടെ വാദങ്ങള്‍ തള്ളിയ കൊളംബോ ഫോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി രങ്ക ദിസ്സനായകെ, പ്രതിയെ വെറുതെവിട്ട് ഉത്തരവിടുകയായിരുന്നു.
തെളിവില്ലാതെ ഒരാളെ പിടിച്ചുവയ്ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ തോമസിനെ വിട്ടയക്കുകയാണെന്നും കോടതി വ്യക്തമാക്കി. സാധുവായ വിസയില്ലാത്തതിനാല്‍ തോമസിനു പെട്ടെന്നു മോചിതനാവാന്‍ കഴിയില്ല. ഈ മാസം 13നു കേസ് പരിഗണിക്കുന്നതിനിടെ ഇന്നലത്തേക്ക് തെളിവ് കൊണ്ടുവരാന്‍ കോടതി പൊലിസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്നലെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പൊലിസ് പരാജയപ്പെട്ടതോടെയാണ് മോചനം സാധ്യമായത്.
തോമസിന്റെ അറസ്റ്റിനു പിന്നാലെ തന്നെ വകവരുത്താന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്ന മൈത്രിപാല സിരിസേനയുടെ ആരോപണം വന്‍കോളിളക്കം സൃഷ്ടിച്ചിരുന്നു. തോമസിനെ ഉപയോഗിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ 'റോ' കൊലപ്പെടുത്താന്‍ ശ്രമിക്കുന്നെന്നായിരുന്നു ആരോപണം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതേക്കുറിച്ച് അറിയുന്നുണ്ടാവില്ലെന്നും സിരിസേന പറഞ്ഞിരുന്നു. ആരോപണം പിന്നീട് വിദേശകാര്യമന്ത്രാലയം നിഷേധിക്കുകയും നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് സിരിസേന തെറ്റിദ്ധാരണയ്ക്ക് ഖേദം പ്രകടിപ്പിക്കുന്നതായും അറിയിച്ചിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലെ മുന്‍ ജീവനക്കാരനായിരിക്കെ അനാരോഗ്യം കാരണം ജോലി രാജിവയ്ക്കുകയായിരുന്നു തോമസ്. തുടര്‍ന്ന് ഇദ്ദേഹത്തെ സംരക്ഷിക്കാമെന്ന ഉറപ്പില്‍ ഭാര്യ ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ ജോലിയില്‍ കയറിയതോടെ തോമസിനെ ഉപേക്ഷിച്ച് ഭാര്യ മറ്റൊരാളെ സ്വീകരിച്ചു. തോമസിന്റെ സ്വത്തുക്കളും കൂടി സ്വന്തമാക്കാന്‍ ഭാര്യ ശ്രമിച്ചതോടെ മാനസിക നില തെറ്റിയ അദ്ദേഹം 2017 ജനുവരിയില്‍ ശ്രീലങ്കയിലേക്ക് പോവുകയായിരുന്നു. ലങ്കന്‍ തെരുവുകളില്‍ മതിയായ രേഖകളില്ലാതെ ഭക്ഷണത്തിനായി അലഞ്ഞ തോമസിനെ ചാരനെന്ന് മുദ്രകുത്തി ശ്രീലങ്കന്‍ സി.ഐ.ഡികള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."