വിമാനത്താവള ക്വാര്‍ട്ടേഴ്സിലെ കക്കൂസ് ടാങ്ക് പൊട്ടി മലിന ജലം പ്രദേശത്തെ കിണറുകളിലേക്ക്
പള്ളിക്കല്‍: വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ താമസ സ്ഥലത്തെ കക്കൂസ് ടാങ്ക് പൊട്ടി ഒഴുകുന്ന മലിനജലം പ്രദേശത്തെ കിണറുകളെ മലിനമാക്കുന്നതായി പരാതി. കരിപ്പൂര്‍ കൂട്ടാലുങ്ങല്‍ ഭാഗത്തു വിമാനത്താവള ചുറ്റുമതിലിനടുത്ത വീട്ടിലെ കിണറ്റില്‍ മഞ്ഞപ്പിത്തത്തിനു കാരണമാകുന്ന ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വിഭാഗം അറിയിച്ചു.
പ്രദേശത്തെ മറ്റു കിണറുകളിലെ വെള്ളവും പരിശോധനയ്ക്കു വിധേയമാക്കാന്‍ തീരുമാനിച്ചു. ഇന്നലെ സ്ഥലം സന്ദര്‍ശിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്. കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് മൈക്രോബയോളജി വിഭാഗത്തിന്റെ സഹായത്തോടെയാണ് ജലപരിശോധന നടത്തുക. വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് സൈനികരുടെ ബാരക്ക് പരിസരം നാളെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കും.
കൂട്ടാലുങ്ങല്‍ അയനിക്കാട് കഴിഞ്ഞ ദിവസം രാത്രി മാലിന്യം തള്ളിയ സ്ഥലവും ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. കുമ്മിണിപറമ്പില്‍ സ്വകാര്യ വ്യക്തി കോഴി മാലിന്യം അശാസ്ത്രീയമായി കുഴിച്ചിട്ടതും പരാതിക്കിടയാക്കിയിരുന്നു. ഇതുസംബന്ധിച്ചു കരിപ്പൂര്‍ പൊലിസിലും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.
പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ വി.പി ദിനേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ ജിജിമോള്‍, ഇ. സലീഷ്, അമീര്‍, ജൂനിയര്‍ പി.എച്ച്.എന്‍ മാരായ കെ.വൃന്ദ, ശില്പ സുരേഷ്, അനുരൂപ കുമാരി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."