ബിന്‍ലാദനെ പിടികൂടിയത് മറക്കരുതെന്ന് പാകിസ്താനോട് അരുണ്‍ ജെയ്റ്റ്‌ലി
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ-പാക് ബന്ധം ഏറ്റവും മോശമായ അവസ്ഥയിലേക്ക് എത്തിയതിനിടയില്‍ ജെയ്‌ഷെ ഭീകരന്‍ മസൂദ് അസ്ഹറിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഇന്ത്യ.
ഇന്ത്യക്കെതിരേ ആക്രമണം നടത്തുന്ന സൂത്രധാരന്മാര്‍ പാകിസ്താനില്‍ സ്വതന്ത്രരായി നടക്കുകയാണ്. ഇവരെ പിടികൂടാന്‍ ആ രാജ്യത്തിന് കഴിയുന്നില്ലെങ്കില്‍ ആ ദൗത്യം ഇന്ത്യ ഏറ്റെടുക്കാന്‍ തയാറാണെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
ഒരാഴ്ച മുന്‍പ് കശ്മിരില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ കാര്‍ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഈ സംഘടനയുടെ തലവന്‍ മസൂദ് അസ്ഹറും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദും പാകിസ്താനില്‍ സ്വതന്ത്രരായി ജീവിക്കുകയാണ്.
ഇവരെ പിടികൂടാന്‍ ഇന്ത്യക്ക് വലിയ കാലതാമസം വേണ്ടതില്ല. അല്‍ഖാഇദ നേതാവ് ഒസാമ ബിന്‍ലാദനെ അബോട്ടാബാദില്‍ കടന്ന് അമേരിക്കന്‍ സേന എങ്ങനെയാണോ കൊലപ്പെടുത്തിയത് അത് പാകിസ്താന്‍ തിരിച്ചറിയണമെന്ന് ജെയ്റ്റ്‌ലി ഓര്‍മിപ്പിച്ചു. ഇത് ഭാവനയില്‍ കാണാവുന്നതല്ല, മറിച്ച് യാഥാര്‍ഥ്യമാണെന്ന കാര്യം പാകിസ്താന്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."