ശാലിയപൊറാട്ട് ഇന്ന്
നീലേശ്വരം: ആക്ഷേപഹാസ്യത്തിന്റെ പ്രാഗ് രൂപമായ പത്മശാലിയ പൊറാട്ട് ഇന്നു വൈകിട്ടു നീലേശ്വരത്ത്. പൂരോത്സവ ത്തിന്റെ ഭാഗമായാണു കാണികള്‍ ഏറെയെത്തുന്ന ഈ അനുഷ്ഠാന കലാരൂപം അവതരിപ്പിക്കുന്നത്. അനുഷ്ഠാന വേഷങ്ങള്‍ക്കൊപ്പം സമൂഹത്തിലെ നെറികേടുകള്‍ തുറന്നു കാട്ടുന്ന വിവിധ സാമൂഹിക, സാമുദായിക വേഷങ്ങളും കാണികളുടെ മുന്നിലെത്തി ഹരം പകരും.
അള്ളട സ്വരൂപവും ഇളംകുറ്റ് സ്വരൂപവും തമ്മില്‍ മണിക്കല്ല് എന്ന സ്ഥലത്തിനു വേണ്ടി നടന്ന യുദ്ധമാണ് പൊറാട്ടിനു പിന്നിലെ ഐതിഹ്യം. രാജഭരണ കാലത്ത് തമ്പുരാന്റെ ചെയ്തികള്‍ പോലും ചോദ്യം ചെയ്യാന്‍ പൊറാട്ടു വേഷങ്ങള്‍ക്ക് അവകാശമുണ്ടായിരുന്നു. കൊങ്ങിണി, തീയന്, വാണിയന്‍, മണിയാണി, കുശവന് എന്നീ സാമുദായിക വേഷങ്ങളും മതമൈത്രിയുടെ പ്രതീകമായി മാപ്പിള വേഷവും പൊറാട്ടിലുണ്ട്.
പൂരോത്സവത്തിലെ കാര്‍ത്തിക നാളില്‍ പിലിക്കോട് തെരു, മകം നാളില്‍ നീലേശ്വരം തെരു, പൂരം നാളില്‍ കാഞ്ഞങ്ങാട്, വെള്ളിക്കോത്ത് അതിയാല്‍ തെരു, ഉദുമ കിഴക്ക്, പടിഞ്ഞാറ് തെരുവുകള്‍ എന്നിവിടങ്ങളില്‍ പൊറാട്ട് അരങ്ങേറുന്നു.
പയ്യന്നൂര്‍ തെരുവില്‍ ഉത്രം നാളിലാണു പൊറാട്ട്. കരിവെള്ളൂര്‍, വെള്ളൂര്‍ തെരുവുകളില്‍ ഇപ്പോള്‍ ശാലിയപൊറാട്ട് അവതരിപ്പിക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."