കേശവനും മക്കളും ഇനി ഗാന്ധിഭവന്‍ തണലില്‍
ഹരിപ്പാട്: മജിസ്‌ട്രേറ്റിന്റെ ഉത്തരവില്‍ കേശവനും മകനും ഗാന്ധിഭവനില്‍ അഭയം. ദുരിതമാര്‍ന്ന ജീവിതം നയിക്കുകയായിരുന്ന കരുവാറ്റ കന്നുകാലിപാലം പുത്തന്‍പുരയില്‍ കേശവന്‍ (76) മാനസിക രോഗിയായ മകന്‍ സുരേഷ് (45) എന്നിവരെയാണ് ഗാന്ധിഭവന്‍ ഏറ്റെടുത്തത്. കേശവന്റെ ഭാര്യ ശാന്തമ്മ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മരണപ്പെട്ടതോടെ മാനസിക രോഗികളായ മൂന്ന് മക്കളും കേശവനും ഒറ്റപെടുകയായിരുന്നു. അന്ന് ജനപ്രതിനിധികള്‍ ഇടപെട്ട് കെല്‍സയില്‍ പരാതിപ്പെട്ടിരുന്നു. മജിസ്‌ട്രേറ്റിന്റെ ഉത്തരവില്‍ മക്കളായ രാജേന്ദ്രന്‍, ശാലിനി എന്നിവര്‍ക്ക് ഗാന്ധിഭവനില്‍ അഭയം നല്‍കിയിരുന്നു .
എന്നാല്‍ കേശവന് കാലില്‍ ഒരു മുറിവുണ്ടായി പഴുക്കുകയും കാഴ്ച മങ്ങുകയും ചെയ്തു. ഇതോടെ മകന്‍ സുരേഷും ഒറ്റപെട്ടുപോയി. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ് ബന്ധപെടുകയും സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അഡ്വ. കെ. റഷീദ് മുഖേന കാര്‍ത്തികപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വിസ് കമ്മിറ്റിക്ക് പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് മുന്‍സിഫ് മജിസ്‌ട്രേറ്റ് ഡി. ശ്രീകുമാര്‍, മജിസ്‌ട്രേറ്റ് ജി. പ്രവീണ്‍ കുമാര്‍ എന്നിവരുടെ ഉത്തരവില്‍ ഗാന്ധിഭവന്‍ ഇവരെ ഏറ്റെടുക്കുകയായിരുന്നു. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ ഡി. സുജാത, വൈസ് പ്രസിഡന്റ് സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ എസ്. സുരേഷ്, വില്ലേജ് ഓഫീസര്‍ കെ.എ നവാസ്, മോഹന്‍കുമാര്‍, പൊന്നമ്മ, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അഡ്വ. അനസ് അലി സാന്നിധ്യത്തില്‍ ഗാന്ധിഭവന്‍ സ്‌നേഹവീട് ഡയരക്ടര്‍ മുഹമ്മദ് ഷെമീര്‍ ഏറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."