ശബരിമല വികസനത്തിന് പ്രത്യേക കമ്പനി
തിരുവനന്തപുരം: ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി ശബരിമല, പമ്പ, നിലയ്ക്കല്‍, ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ബജറ്റില്‍ ഓരോ വര്‍ഷവും വകയിരുത്തുന്ന തുകയും കിഫ്ബി വകയിരുത്തിയ തുകയും ഉപയോഗിച്ച് ശബരിമല വികസനപദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനുമാണ് കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചത്. കമ്പനിക്ക് ചീഫ് സെക്രട്ടറി ചെയര്‍മാനും വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായി ഗവേണിങ് ബോഡിയുണ്ടാകും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷനര്‍ ഗവേണിങ് ബോഡിയുടെ കണ്‍വീനറായിരിക്കും. കൂടാതെ ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ കണ്‍വീനറുമായി ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയും രൂപീകരിക്കും.2019-20ലെ ബജറ്റില്‍ ശബരിമല വികസനത്തിനായി 739 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ശബരിമല സീസണ്‍ ആരംഭിക്കാന്‍ ഇനി എട്ട് മാസമേയുള്ളൂ. പ്രവൃത്തികള്‍ മുന്‍ഗണനാക്രമത്തില്‍ ഏറ്റെടുക്കാനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ഉദ്ദേശിച്ചാണ് പ്രത്യേക കമ്പനി രൂപീകരിക്കുന്നത്.
പരിസ്ഥിതിക്ക് ഇണങ്ങുന്നതും കാനനക്ഷേത്രമായ ശബരിമലയുടെ സവിശേഷത നിലനിര്‍ത്തുന്നതുമായ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."