കേരളത്തില്‍ അനുമതി ലഭിച്ച ലാബുകള്‍ നിരവധി; കൊവിഡ് പരിശോധന മന്ദഗതിയില്‍
തിരുവനന്തപുരം: കൊവിഡ് വ്യാപന സാധ്യതകളെക്കുറിച്ച് അറിയാന്‍ കൂടുതല്‍ പരിശോധനാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയെങ്കിലും ഇത് സംബന്ധിച്ച നടപടികള്‍ മന്ദഗതിയില്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 540 ഫലങ്ങള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൊവിഡ് പരിശോധനയ്ക്കായി അയച്ച സാംപിളുകളാകട്ടെ 317 എണ്ണവും. മാര്‍ച്ച് ഒമ്പത് മുതല്‍ ഇന്നലെ വരെ 50 ദിവസങ്ങളിലായി ആകെ അയച്ച സാംപിളുകള്‍ 23271. ഇതില്‍ കൊവിഡ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചവ 22,537 എണ്ണം.
സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതി ലഭിച്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആലപ്പുഴ വൈറോളജി ലാബ് ഉള്‍പ്പടെ 14 എണ്ണമുണ്ട്. എന്നാല്‍ ഇവയില്‍ എല്ലാ സ്ഥലത്തും പൂര്‍ണതോതില്‍ സാംപിള്‍ പരിശോധനകള്‍ നടക്കുന്നില്ല. കൊവിഡ് വ്യാപന പരിശോധനയ്ക്കായി ആന്റി ബോഡി ടെസ്റ്റുകള്‍ നടത്തുന്നതിനായി ഐ.സി.എം.ആര്‍ നല്‍കിയ 12480 കിറ്റുകള്‍ തല്‍ക്കാലം ഉപയോഗിക്കരുതെന്ന നിര്‍ദേശം വന്നതോടെ നടപടികള്‍ നിര്‍ത്തിവച്ചു. ഒരാഴ്ചത്തേക്കുള്ള പരിശോധനാ കിറ്റുകള്‍ സ്‌റ്റോക്കുണ്ട്. കൂടുതല്‍ ആര്‍.എന്‍.എ എക്‌സ്ട്രാക്ഷന്‍ കിറ്റുകള്‍ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
ഐ.സി.എം.ആര്‍ കൊവിഡ് പരിശോധനയ്ക്ക് മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് സ്വകാര്യ ലാബുകളെ ക്ഷണിച്ചിരുന്നു. കേരളത്തില്‍ 14 സ്വകാര്യ ലാബുകള്‍ സന്നദ്ധത അറിയിച്ച് രംഗത്തുവന്നെങ്കിലും ആരോഗ്യ വകുപ്പ് ഇവര്‍ക്ക് അംഗീകാരം നല്‍കിയിട്ടില്ല. എന്നാല്‍ രാജ്യത്തെ 89 സ്വകാര്യ ലാബുകള്‍ക്ക് ഐ.സി.എം.ആര്‍ അനുമതി നല്‍കിയതില്‍ കേരളത്തിലെ രണ്ട് വന്‍കിട ലാബുകള്‍ ഇടം പിടിക്കുകയും ചെയ്തു. കൊച്ചിയിലെ ഡി.ഡി.ആര്‍.സി, കോഴിക്കോട്ടെ മിംസ് എന്നീ ലാബുകള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ ,കളമശ്ശേരി, മഞ്ചേരി, കോട്ടയം, കണ്ണൂര്‍, മെഡിക്കല്‍ കോളേജുകളും ശ്രീചിത്ര , രാജീവ് ഗാന്ധി സെന്റര്‍, പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി തിരുവനന്തപുരം ,ഇന്റര്‍ യൂണിവേഴ്‌സിറ്റി കോട്ടയം, തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ ,കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്നീ ലാബുകളാണ് ആലപ്പുഴ വൈറോളജി ലാബിന് പുറമേ ഐ.സി.എം.ആര്‍ അനുമതി ലഭിച്ചവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."