സ്‌പെഷല്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ പൊന്നുവും വിമല്‍ ജോസും
മാനന്തവാടി: ചരിത്രത്തില്‍ ഇടം നേടാന്‍ ലോക സ്‌പെഷല്‍ ഒളിംപിക്‌സിലേക്ക് കുഴിനിലം ഫാദര്‍ തേസ്സാ സ്‌കൂളിലെ പി.വി പൊന്നുവും വിമല്‍ ജോസും.
ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തില്‍ നിന്നുള്ള 28 പേരില്‍ ജില്ലയില്‍ നിന്നുള്ള മത്സരാര്‍ഥികളും ഇവര്‍ ഇരുവരും തന്നെ. വോളിബോളാണ് ഇവരുടെ മത്സര ഇനം. മുന്‍ വര്‍ഷങ്ങളില്‍ ദേശീയ സെപഷല്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ പൊന്നു ലോക സ്‌പെഷല്‍ ഒളിമ്പിക്‌സിലും സ്വര്‍ണ മെഡല്‍ നേടുമെന്ന് തന്നെ പറയുന്നു. വിമല്‍ ജോസും സ്വര്‍ണ പതക്കം കരസ്ഥമാക്കുമെന്ന് ഉറച്ച് പറയുന്നു. കുഴിനിലം ഫാദര്‍ തേസ്സാ സ്‌കൂളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി ഇരുവരും പഠനം നടത്തി വരുന്നു. 23 കാരനായ പൊന്നു കല്ലോടി ചൊവ്വയിലെ പരേതനായ വെള്ളന്‍ അമ്മിണി ദമ്പതികളുടെ ഏഴ് മക്കളില്‍ ഇളയവനാണ്. പൊന്നു 2016ല്‍ രാജസ്ഥാനില്‍ നടന്ന ദേശീയ സെപഷല്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ പൊന്നു വോളിബോള്‍ കേരള ടീം ക്യാപ്റ്റന്‍ കൂടിയാണ്.
കോടഞ്ചേരി നായിക്കല്‍ പരേതനായ ജോസിന്റെയും ലീലയുടെയും മകളാണ് വിമല്‍ ജോസ് വനിതാ വിഭാഗം ഇന്ത്യന്‍ വോളിബോള്‍ ടീമിലെ കേരളത്തില്‍ നിന്നുള്ള മൂന്ന് പേരില്‍ ഒരാളാണ് വിമല്‍ ജോസ്. മാര്‍ച്ച് 14 മുതല്‍ 21 വരെ അബുദാബിയില്‍ വെച്ചാണ് ഒളിംപിക്‌സ് നടക്കുന്നത്. തേസ്സാ സ്‌കൂളിലെ അധ്യാപകന്‍ ജോബിന്‍ ജോസിന്റെയും കായികാധ്യാപിക ജിസാ ഫ്രാന്‍സീസിന്റെയും ശിക്ഷണത്തിലാണ് ഇരുവരും വോളിബോള്‍ പരിശീലിക്കുന്നത്.
ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ കഴിയുന്നത് സ്‌കൂളിന്റെ അഭിമാനമാണെന്നും സ്വര്‍ണം കരസ്ഥമാക്കുക തന്നെ ചെയ്യുമെന്നും അധ്യാപകനും വിദ്യാര്‍ഥികളും പറയുന്നു. ഇന്ന് എറണാകുളത്തു നിന്നും കേരളാ ടീം ഡല്‍ഹിയിലേക്ക് പോകും അവിടെ ആറ് ദിവസത്തെ പരിശീലനത്തിന് ശേഷം മാര്‍ച്ച് എട്ടിന് ഇവര്‍ അബുദാബിയിലേക്ക് പറക്കും. പിന്നെ സ്വര്‍ണ പതക്കങ്ങളുമായി തിരിച്ച് വരുമെന്ന് ഇരുവരും ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."