വായ്പയുടെ മറവില്‍ ബ്ലേഡ് മാഫിയ പലിശയ്ക്ക് പണം എറിയുന്നു; ഇരകളിലേറെയും സ്ത്രീകള്‍
ആലപ്പുഴ: സാധാരണക്കാരെ അമിത പലിശയില്‍ വീഴ്ത്തി ബ്ലേഡ് മാഫിയ വീണ്ടും സജീവം. തീരപ്രദേശങ്ങളും ഗ്രാമീണ മേഖലകളും കേന്ദ്രീകരിച്ചാണ് ബ്ലേഡ് മാഫിയ പ്രവര്‍ത്തിക്കുന്നത്. വനിതാ ഗ്രൂപ്പുകളും അയല്‍കൂട്ടങ്ങളുമാണ് പുതിയ ഇരകള്‍. വന്‍ തുകയാണ് സ്ത്രീകള്‍ അംഗങ്ങളായ സംഘങ്ങള്‍ക്ക് പലിശയ്ക്ക് നല്‍കുന്നത്.
വനിതാ ഗ്രൂപ്പുകള്‍ക്ക് ഒരു ലക്ഷം രൂപവരെ ബ്ലേഡ് സംഘങ്ങള്‍ പലിശയ്ക്ക് നല്‍കുന്നുണ്ട്. ഒരു പ്രദേശത്തെ ഗ്രൂപ്പിന് പണം നല്‍കിയാല്‍ പിന്നീട് സമീപ പ്രദേശങ്ങളിലെ വനിതാ ഗ്രൂപ്പുകളെയും അയല്‍ക്കൂട്ടങ്ങളെയും വലയിലാക്കിയാണ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. കൂടുതലായി പണം കിട്ടുന്നതിനാല്‍ പലിശ എത്രയെന്ന് പോലും നോക്കാതെയാണ് പണം പലിശ സംഘങ്ങളോട് വാങ്ങുന്നത്.
വനിതകളാണ് ഇടപാടുകാരെന്നതിനാല്‍ ലഭിക്കുന്ന പണത്തെ കുറിച്ച് കൂടുതല്‍ അന്വേഷണവും നടത്താറില്ല. പണം നല്‍കാനായി സ്ത്രീകളുടെ തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും ഫോട്ടോയും വാങ്ങിവയ്ക്കും. കൂടാതെ ഗ്രൂപ്പില്‍ വിവാഹം കഴിഞ്ഞ അംഗമാണെങ്കില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും സംയുക്തമായി 25,000 രൂപവരെ പ്രത്യേകം പലിശയ്ക്ക് നല്‍കുന്നുമുണ്ട്. സ്ത്രീകളുടെ പേരിലാണ് ഈ പണവും നല്‍കുന്നത്. ഇതിന് ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഗ്രൂപ്പ് ഫോട്ടോയും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയുമാണ് വാങ്ങുന്നത്. പലിശയ്ക്ക് നല്‍കുന്ന പണം ആഴ്ച നേരിട്ടു ബ്ലേഡ് സംഘത്തിലെ ആളുകള്‍ പിരിച്ചെടുക്കുകയാണ് പതിവ്. വനിതാ ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന പണത്തിന്റെ പലിശയും മുതലും പിരിക്കുന്നതിനായി ആഴ്ചയില്‍ ഒരിക്കല്‍ ഏതെങ്കിലും ഒരു ഗ്രൂപ്പ് അംഗത്തിന്റെ വീട്ടില്‍ എല്ലാ അംഗങ്ങളും എത്തിയിരിക്കണം.
ഓരോ പ്രദേശങ്ങളിലും നിശ്ചിത ദിവസം പിരിവിനായി നിശ്ചയിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയിലും പലിശയും മുതലിന്റെ നിശ്ചിത ഘഡുവും നല്‍കിയിരിക്കണം. ഒരു തവണ മുടങ്ങിയാല്‍ പലിശയുടെ രണ്ടിരട്ടി തുക വരെ നല്‍കണം. വനിതാ ഗ്രൂപ്പുകള്‍ വാങ്ങുന്ന പണം അംഗങ്ങള്‍ തുല്യമായി വീതിച്ചെടുത്ത് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് പതിവ്. പല പ്രദേശങ്ങളിലും പണം പലിശയ്ക്ക് കൊടുക്കുന്നതിനും വാങ്ങുന്നതിനും ഇത്തരം സംഘങ്ങള്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തിരിച്ചടവ് മുടങ്ങുന്നതോടെ വനിതാ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനവും മന്ദീഭവിക്കും. ഈ സാഹചര്യത്തില്‍ പണം തിരികെ പിടിക്കാന്‍ ബ്ലേഡുകാര്‍ നേരിട്ടു വീടുകളിലെത്തി ഭീഷണിപ്പെടുത്തിയാണ് പണ പിരിവ് നടത്തുന്നത്.
എന്‍.ജി.ഒ സംഘനകളെന്ന പേരിലും ബ്ലേഡ് മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാന്‍ സംവിധാനം ഉണ്ടായില്ലെങ്കില്‍ വലിയ സാമൂഹിക വിപത്തിനെയാകും നേരിടേണ്ടി വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."