കാസര്‍കോട് താലൂക്ക് ഓഫിസില്‍ റവന്യൂ മന്ത്രിയുടെ മിന്നല്‍ പരിശോധന
കാസര്‍കോട്: താലൂക്കോഫിസില്‍ റവന്യൂ മന്ത്രി മിന്നല്‍ പരിശോധന നടത്തി. റെവന്യൂ ഓഫിസുകളെ കുറിച്ചും ഉദ്യോഗസ്ഥരെ കുറിച്ചും പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് മന്ത്രി മിന്നല്‍ പരിശോധന നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ച പെരുന്നാള്‍ അവധിയായിരുന്നു. ഇന്ന് ഞായറാഴ്ച്ചയുമായതിനാല്‍ താലൂക്കോഫിസിലെ ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇന്നലെ അവധിയെടുത്തു. മൂന്ന് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കുന്നതിനാണ് ഇന്നലെ അവധിയെടുത്തത്. തക്കതായ കാരണമില്ലാതെ പ്രകൃതിക്ഷോഭകാലത്ത് ജീവനക്കാര്‍ക്ക് അവധി അനുവദിക്കരുതെന്ന് മന്ത്രി കാസര്‍കോട് തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി.
ഇന്നലെ രാവിലെ 11 ഓടെയായിരുന്നു കലക്ടര്‍ കെ. ജീവന്‍ബാബു, എ.ഡി.എം എന്‍. ദേവീദാസ് എന്നിവരോടൊപ്പം മന്ത്രി ഇ. ചന്ദ്രശേഖരന്‍ കാസര്‍കോട് തഹസില്‍ദാര്‍ ഓഫിസില്‍ എത്തിയത്. മന്ത്രിയുടെയും കലക്ടറുടെയും ഔദ്യോഗിക വാഹനങ്ങള്‍ പ്രവേശിച്ചതോടെ ജീവനക്കാരും ഓഫിസില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തിയവരും അമ്പരന്നു. താലൂക്ക് ഓഫിസിനകത്ത് പ്രവേശിച്ച മന്ത്രി രജിസ്റ്ററുകള്‍ പരിശോധിച്ചു. താലൂക്കിനകത്തെ പ്രകൃതിക്ഷോഭത്തെ കുറിച്ച് മന്ത്രി തഹസില്‍ദാറോട് ചോദിച്ചറിഞ്ഞു.
ജില്ലയില്‍ താലൂക്ക്, സര്‍വ്വേ, റീസര്‍വ്വേ ഓഫിസുകളെ സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നു വന്നതിന്റെ സാഹചര്യത്തിലാണ് മന്ത്രിയുടെ മിന്നല്‍ പരിശോധന.
കഴിഞ്ഞ കാലവര്‍ഷക്കാലത്തും റവന്യൂ മന്ത്രി ജില്ലയിലെ വില്ലേജ് ഓഫിസുകളിലും മറ്റും മിന്നല്‍ പരിശോധന നടത്തിയിരുന്നു. പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നുണ്ടോയെന്നുള്ള പരിശോധന തുടരുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ ആസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളെ കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. ട്രെയിനുകള്‍ കാസര്‍കോടെത്തുന്ന സമയത്തിനനുസരിച്ചാണ് ജില്ലാ ആസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനമെന്നാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."