വ്രതവിശുദ്ധിയുടെ നിറവില്‍ നാടെങ്ങും ചെറിയ പെരുന്നാളാഘോഷം
കാസര്‍കോട്: പുണ്യ റമദാനിലെ വ്രത വിശുദ്ധിയില്‍ കൈവരിച്ച ആത്മീയ ചൈതന്യവുമായി, അല്ലാഹുവിന്റെ മഹത്വം വീണ്ടും ഉദ്‌ഘോഷിച്ചു നാടെങ്ങും ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ജില്ലയില്‍ പെരുന്നാള്‍ നിസ്‌കാരത്തിനായി എത്തിയ വിശ്വാസികളെ കൊണ്ട് മസ്ജിദുകള്‍ നിറഞ്ഞിരുന്നു. സൗഹൃദവും പരസ്പര സ്‌നേഹവും കൈമാറിയാണ് വിശ്വാസികള്‍ ആഹ്ലാദത്തോടെ ചെറിയ പെരുന്നാള്‍ ആഘോഷിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലും ഇന്നലെയായിരുന്നു പെരുന്നാള്‍. റമദാന്‍ 29ന് കഴിഞ്ഞ ശേഷം മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പെരുന്നാള്‍ പ്രഖ്യാപനം ഖാദിമാരില്‍ നിന്നും ഉണ്ടായത്. പുത്തന്‍ വസ്ത്രമണിഞ്ഞ് രാവിലെ മസ്ജിദുകളിലേക്കു ഇറങ്ങിയവര്‍ പരസ്പരം കെട്ടിപിടിച്ചു ആശ്ലേഷിച്ചു.
മസ്ജിദുകളിലും നിന്നും നിസ്‌കാരം കഴിഞ്ഞു ഇറങ്ങിയ വിശ്വാസികള്‍ പ്രദേശത്തെ ബന്ധു വീടുകള്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ഉച്ചക്ക് ജുമുഅ നിസ്‌കാരം കഴിഞ്ഞ ശേഷമാണ് ദൂര സ്ഥലങ്ങളിലുള്ള ബന്ധുക്കളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയത്.അതിനിടെ പെരുന്നാള്‍ ദിനത്തില്‍ ജില്ലയില്‍ മാനം തെളിഞ്ഞുനിന്നത് വിശ്വാസികള്‍ക്ക് അനുഗ്രഹമായി.
തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് മസ്ജിദില്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പെരുന്നാള്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ടൗണ്‍ ഹസനത്തുല്‍ ജാരിയ മസ്ജിദില്‍ അത്തീഖ് റഹ്മാന്‍ ഫൈസി നേതൃത്വം നല്‍കി. മസ്ജിദുകളിലും ഈദ്ഗാഹുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍പെട്ടവരോടും മാരകമായ പകര്‍ച്ചവ്യാധികള്‍ക്കിരയായവരോടും അവരുടെ കുടുംബാംഗങ്ങളോടും ഐക്യദാര്‍ഢ്യവും സഹാനുഭൂതിയും സമഭാവനയും പ്രകടിപ്പിച്ച് പ്രാര്‍ഥനയും നടന്നു.
കോട്ടച്ചേരി ബദ്‌രിയ മസ്ജിദില്‍ റഷീദ് സഅദിയും പുതിയകോട്ട ടൗണ്‍ ജുമാമസ്ജിദില്‍ ഒ.പി അബ്ദുല്ല സഖാഫിയും കോട്ടച്ചേരി നൂര്‍ മസ്ജിദില്‍ അബ്ദുല്‍ഗഫൂര്‍ മൗലവി കീച്ചേരിയും, അജാനൂര്‍ തെക്കെപ്പുറം ജുമാമസ്ജിദില്‍ ഹാഫിസ് സുഹൈല്‍ മൗലവിയും അതിഞ്ഞാല്‍ ജുമാമസ്ജിദില്‍ ഷറഫുദ്ദീന്‍ ബാഖവിയും നിസ്‌കാരത്തിന് നേതൃത്വം നല്‍കി.
ചെമനാട് ജുമാമസ്ജിദിന്റെ ഹാഫിസ് മുഹമ്മദ് ലൂത്ത്പുള്ള ഇംദാദി മൂവാറ്റുപുഴ, പരവനടുക്കം ആലിയ ജുമാമസ്ജിദില്‍ കെ.പി ഖലീലുറഹ്മാന്‍ നദ്‌വി, കുണിയ ഖിളര്‍ ജുമാ മസ്ജിദില്‍ അബ്ദുല്‍ ഖാദര്‍ നദ്‌വി എന്നിവര്‍ നിസ്‌കാരത്തിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."