സുവാരസാണ് ഹീറോ
മാഡ്രിഡ്: കോപ ഡെല്‍റേയില്‍ നടന്ന എല്‍ക്ലാസിക്കോയില്‍ ബാഴ്സലോണക്ക് ക്ലാസിക് ടച്ചുള്ള വിജയം. ജയത്തോടെ ബാഴ്സലോണ കോപ ഡെല്‍റേയുടെ ഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്സ റയലിനെതിരേ വിജയിച്ചത്. ഇതോടെ ഇരു പാദങ്ങളിലായി നടന്ന മത്സരത്തില്‍ ബാഴ്സ 4-1 വിജയം സ്വന്തമാക്കി. കാംപ്നൗവില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. റയലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലാണ് ബാഴ്സലോണ നിറഞ്ഞാടിയത്.
ആദ്യ പകുതിയില്‍ ഇരുടീമുകളും മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഗോളുകളൊന്നും പിറന്നില്ല. ഒത്തിണക്കത്തോടെയുള്ള കളിയും മികച്ച മുന്നേറ്റങ്ങളുമായി ഇരു ടീമുകളും മികച്ചു നിന്നു. എന്നാല്‍ രണ്ടാം പകുതിക്ക് ശേഷമായിരുന്നു റയലിന്റെ വിധികുറിച്ച മൂന്ന് ഗോളുകളും പിറന്നത്. 50-ാം മിനുട്ടില്‍ ലൂയിസ് സുവാരസിന്റെ സിംഗിള്‍ ടച്ച് പന്ത് റയലിന്റെ വലയിലെത്തിയതോടെ ബാഴ്സ് ഒരു ഗോളിന്റെ ലീഡ് സ്വന്തമാക്കി. അധികം വൈകും മുമ്പ് 69-ാം മിനുട്ടില്‍ റാഫേല്‍ വരാനേയുടെ വക സെല്‍ഫ് ഗോളും പിറന്നു. അതോടെ ബാഴ്സ കളം കൈയടക്കി കളിച്ചു. പലപ്പോഴും ബാഴ്സ റയലിന് അവസരം നല്‍കാതെ പന്ത് കൈവശം വച്ചു.
പന്തുമായി മുന്നേറിയ സുവാരസിനെ കസാമിറോ ബോക്സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. പെനാല്‍റ്റി കിക്കെടുത്ത സുവാരസ് നവാസിനെ കാഴ്ചക്കാരനാക്കി നിര്‍ത്തി ചിപ്പ് ചെയ്ത് പന്ത് വലയിലെത്തിച്ചു. ഇതോടെ റയലിന്റെ പതനം പൂര്‍ത്തിയായി. ഗോളെന്നുറച്ച മൂന്ന് അവസരങ്ങളായിരുന്നു സ്റ്റീഗന് അസാധ്യ സേവിലൂടെ നിഷ്ഫലമാക്കിയത്. ടെര് സ്റ്റീഗന്റെ മികച്ച സേവുകളായിരുന്നു മത്സരത്തില്‍ ബാഴ്സയെ ഗോളില്‍ നിന്ന് രക്ഷിച്ചത്. ഏകപക്ഷീയമായ മൂന്ന് ഗോളിന്റെ വിജയം സ്വന്തമാക്കിയ ബാഴ്സലോണ ഫൈനലില്‍ പ്രവേശിച്ചതിന്റെ സന്തോഷത്തില്‍ മൈതാനം വിട്ടു. മെയ് 25ന് ഫൈനല്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."