കൊവിഡ് ടെസ്റ്റ് കിറ്റ് ഓര്‍ഡര്‍ കാന്‍സല്‍ ചെയ്ത ഇന്ത്യയുടെ നടപടി, ചൈനയ്ക്ക് ആശങ്ക
ന്യൂഡല്‍ഹി: ചൈനയിലെ രണ്ട് കമ്പനികളില്‍ നിന്നുള്ള കൊവിഡ് പരിശോധനാ കിറ്റുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയ ഇന്ത്യയുടെ നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി ചൈന. ഇന്ത്യയിലെ ചൈനീസ് എംബസി വക്താവാണ് ഇന്ത്യയുടെ നടപടി ആശങ്കാജനകമാണെന്നും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ മോശപ്പെട്ടതെന്ന് മുദ്രകുത്തുന്നതും മുന്‍വിധിയോടെ സമീപിക്കുന്നതും തെറ്റാണെന്നും അറിയിച്ചത്.
'' ഐ.സി.എം.ആര്‍ നടത്തിയ മൂല്യനിര്‍ണയത്തിലും തീരുമാനത്തിലും ഞങ്ങള്‍ക്ക് അതിയായ ആശങ്കയുണ്ട്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മെഡിക്കല്‍ ഉല്‍പന്നങ്ങളുടെ ഗുണനിലവാരത്തിന് മുന്‍ഗണന നല്‍കുന്നുണ്ട്. ചില വ്യക്തികള്‍ ചൈനീസ് ഉല്‍പന്നങ്ങളെ തെറ്റായവ എന്നു മുദ്രകുത്തുന്നതും മുന്‍വിധിയോടെ കാണുന്നതും അന്യായവും നിരുത്തരവാദപരവുമാണ്''- ചൈനീസ് എംബസി വക്താവ് ജി റോങ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ചൈനീസ് കമ്പനികളായ ഗ്വാംഗ്‌സൊ വൊണ്ട്‌ഫൊ ബയോടെക്, സുഹായ് ലിവ്‌സണ്‍ ഡയഗ്‌നോസ്റ്റിക്‌സ് എന്നീ കമ്പനികളുടെ ടെസ്റ്റിംഗ് കിറ്റുകള്‍ ഉപയോഗിക്കരുതെന്ന് ഐ.സി.എം.ആര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് ചൈനീസ് വക്താവിന്റെ പ്രതികരണം.
തിങ്കളാഴ്ചയാണ് രണ്ടു ചൈനീസ് കമ്പനികളുടെ പരിശോധന സാമഗ്രികള്‍ ഫലപ്രദമല്ലെന്ന് ഐ.സി.എം.ആര്‍ അറിയിച്ചത്. ഇതിനു പിന്നാലെ ഈ രണ്ടു കമ്പനികളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.
ഈ രണ്ടു കമ്പനികളുടെയും പരിശോധനാ കിറ്റുകള്‍ക്ക് ചൈനയിലെ ദേശീയ മെഡിക്കല്‍ ഉല്‍പ്പന്ന സമിതി സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും ഐ.സി.എം.ആറിന്റെ പൂനെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധന നടത്തിയതാണെന്നും ചൈനീസ് വക്താവ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."