ശ്രദ്ധാകേന്ദ്രമായി മഞ്ചേശ്വരം നിയമസഭാ മണ്ഡലം
#വി.കെ പ്രദീപ്
കാസര്‍കോട്: തെരഞ്ഞെടുപ്പ് കേസില്‍നിന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ പിന്‍മാറാന്‍ തീരുമാനിച്ചതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടിലും ശ്രദ്ധാകേന്ദ്രമായി മഞ്ചേശ്വരം നിയമസഭാ മണ്ഡലം മാറുന്നു. ലോക്‌സഭയ്‌ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ മഞ്ചേശ്വരം ഇരട്ടിച്ചൂടില്‍ തിളച്ചുമറിയും.
ലോക്‌സഭാ തെരഞ്ഞെടുപ്പിനിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ ലോക്‌സഭയിലേക്ക് ഓരോ കക്ഷിക്കും ലഭിക്കുന്ന വോട്ട് വിഹിതമായിരിക്കും പിന്നീടത്തെ ചര്‍ച്ച. ഈ വോട്ട് വിഹിതമായിരിക്കും പിന്നീട് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണികളുടെ തന്ത്രം നിശ്ചയിക്കുക.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്തരിച്ച മുസ്‌ലിംലീഗ് നേതാവ് പി.ബി അബ്ദുല്‍ റസാഖായിരുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി. യു.ഡി.എഫും എല്‍.ഡി.എഫും എന്‍.ഡി.എയും തമ്മില്‍ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 89 വോട്ടിനാണ് അബ്ദുല്‍ റസാഖ് വിജയിച്ചത്. ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഇടതുമുന്നണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കള്ളവോട്ട് ആരോപണം ഉന്നയിച്ചും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പട്ടും കെ. സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു.
കേസില്‍ സാക്ഷികളെ ഹാജരാക്കാന്‍ സുരേന്ദ്രനോട് കോടതി ആവശ്യപ്പെട്ടെങ്കിലും അതിനാലെ സുരേന്ദ്രന്‍ കുഴങ്ങുന്നതാണ് പിന്നീട് കണ്ടത്. 67 സാക്ഷികള്‍ക്ക് കോടതി സമന്‍സ് അയച്ചുവെങ്കിലും ആരും കൈപ്പറ്റിയില്ല. മരിച്ചവര്‍ക്കു പോലും സമന്‍സ് അയച്ചതും വിവാദമായിരുന്നു.
കേസ് നടക്കുന്നതിനിടയിലാണ് കഴിഞ്ഞ ഒക്ടോബര്‍ 20ന് പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ നിര്യാതനായത്. ആ ഘട്ടത്തില്‍ സുരേന്ദ്രന്‍ കേസ് പിന്‍വലിച്ച് ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കുമെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രന്‍ കോടതിയെ അറിയിച്ചത്. ഇത് അംഗീകരിക്കാന്‍ കോടതി തയാറായില്ല. അബ്ദുല്‍ റസാഖിന്റെ മരണശേഷം രണ്ടുതവണ കേസ് പരിഗണിച്ചപ്പോഴും സാക്ഷികളെ ഹാജരാക്കാന്‍ സുരേന്ദ്രനു കഴിഞ്ഞില്ല. കേസ് നിലവിലുള്ളതിനാല്‍ ഉപതെരഞ്ഞെടുപ്പ് നടന്നതുമില്ല.
ഇപ്പോള്‍ സുരേന്ദ്രന്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരം നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് നടക്കാനിടയില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. കേസില്‍ വാദം കേട്ടുകൊണ്ടിരുന്ന ജഡ്ജി ഇപ്പോള്‍ വിരമിച്ചിരിക്കുകയാണ്. പകരം ജഡ്ജിയെ നിയമിച്ച് വിജ്ഞാപനമായിട്ടില്ല. പുതിയ ജഡ്ജി എത്തിയാല്‍ തെരഞ്ഞെടുപ്പ് ഹരജി പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ ഹരജി നല്‍കണം. ഇതില്‍ എതിര്‍കക്ഷികളുടെ വാദം കേള്‍ക്കണം. അതിനു ശേഷം മാത്രമേ കോടതി കേസ് തീര്‍പ്പാക്കുകയുള്ളൂ. ഇതിന് ഇനിയും കാലതാമസമെടുക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് തീര്‍പ്പായില്ലെങ്കിലും മഞ്ചേശ്വരം മണ്ഡലത്തെ ചുറ്റിപ്പറ്റി സ്ഥാനാര്‍ഥി ചര്‍ച്ചകളും മറ്റും രാഷ്ട്രീയ കക്ഷികള്‍ ആരംഭിച്ചു കഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ഓരോ മേഖലയിലും ലഭിക്കുന്ന വോട്ടുകള്‍ തരംതിരിച്ചായിരിക്കും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തന്ത്രം മെനയുകയെന്ന് ഉറപ്പാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയെങ്കിലും മണ്ഡലത്തിനകത്തെ ഒരു പഞ്ചായത്തില്‍ പോലും പാര്‍ട്ടി അധികാരത്തിലില്ല. മഞ്ചേശ്വരം, വൊര്‍ക്കാടി, കുമ്പള, മംഗല്‍പ്പാടി, മീഞ്ച പഞ്ചായത്തുകള്‍ യു.ഡി.എഫ് ഭരിക്കുമ്പോള്‍ പുത്തിഗൈ പഞ്ചായത്ത് എല്‍.ഡി.എഫ് ഭരിക്കുന്നു. എന്‍മകജെ, പൈവളികെ പഞ്ചായത്തുകള്‍ യു.ഡി.എഫും എല്‍.ഡി.എഫും ചേര്‍ന്നാണ് ഭരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."