ജനമഹായാത്ര സമാപിച്ചു
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിച്ച ജനമഹായാത്രയ്ക്ക് തലസ്ഥാനത്ത് സമാപനം. സമാപന സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സൈനികരുടെ ജീവത്യാഗം പോലും രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി ഉപയോഗിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെ ബി.ജെ.പി നേതാവ് യദ്യൂരപ്പ ഇത് തുറന്ന് പറയുകയും ചെയ്തു. ബി.ജെ.പിയുടെ ഈ നിലപാട് സൈനികരോടുള്ള അവഹേളനമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ തുടരുമ്പോഴും ഇടതു സര്‍ക്കാര്‍ നിദ്രയിലാണെന്നു ചടങ്ങില്‍ പ്രസംഗിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അതിര്‍ത്തിയില്‍ സൈനികര്‍ പോരാട്ടം നടത്തുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംവാദിക്കാനാണ് പ്രധാനമന്ത്രി സമയം ചെലവഴിച്ചതെന്നും ചെന്നിത്തല പറഞ്ഞു. മോദിയും ബി.ജെ.പിയും യുദ്ധത്തെ ലാഘവത്തോടെ കാണുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഫാസിസ്റ്റ് ഭരണാധികാരികള്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭരണഘടന ഇല്ലാതാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ അധ്യക്ഷനായി. നേതാക്കളായ വി.എം സുധീരന്‍, എം.എം ഹസന്‍, ബെന്നി ബെഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, തെന്നല ബാലകൃഷ്ണപിള്ള, തമ്പാനൂര്‍ രവി, വി.എസ് ശിവകുമാര്‍, പീതാംബരക്കുറുപ്പ്, പാലോട് രവി, ജോസഫ് വാഴയ്ക്കന്‍, ജോണ്‍സണ്‍ എബ്രഹാം, എന്‍ ശക്തന്‍, എ.എ ഷുക്കൂര്‍, അഡ്വ. സി.ആര്‍ ജയപ്രകാശ്, ലതികാ സുഭാഷ്, വി.ഡി സതീശന്‍, അബ്ദുല്‍ മുത്തലിബ്, കെ. ബാബു, അജയ്തറയില്‍, ശരത്ചന്ദ്രപ്രസാദ്, കെ.എസ് ശബരിനാഥന്‍, എല്‍ദോസ് കുന്നപ്പിള്ളി, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, കെ.പി അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫെബ്രുവരി മൂന്നിന് കാസര്‍കോട് നിന്നാരംഭിച്ച ജനമഹായാത്ര മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും സഞ്ചരിച്ചാണ് തിരുവനന്തപുരത്ത് സമാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."