പ്രതിസന്ധിയിലും തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കാതെ മോദി
ന്യൂഡല്‍ഹി: പാക് ആക്രമണത്തെ പ്രധാനമന്ത്രി മോദി രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമന്‍ പാക് പട്ടാളത്തിന്റെ പിടിയിലായിരിക്കുമ്പോഴും ആക്രമണത്തിലെ രാഷ്ട്രീയ നേട്ടം എണ്ണുകയാണ് ബി.ജെ.പിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
അതിര്‍ത്തി പുകയുമ്പോള്‍ ബി.ജെ.പി തെരഞ്ഞടുപ്പ് റാലികളൊന്നും മാറ്റിവയ്ക്കാനോ പരിപാടിയില്‍ പങ്കെടുക്കാതിരിക്കാന്‍ മോദിയോ തയാറായില്ല. അഭിനന്ദനിന്റെ തിരിച്ചു വരവിനായി രാജ്യം മുഴുവന്‍ കാത്തിരിക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് പാര്‍ട്ടി പ്രചരണം മിനിട്ടുകള്‍ പോലും നിര്‍ത്തിവയ്ക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
വ്യോമാക്രമണം നടത്തിയതിന്റെ ഊറ്റത്തില്‍ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കുകയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയുള്ള ആക്രമണങ്ങളില്‍ വോട്ട് നേടാനായുള്ള ബി.ജെ.പിയുടെ ഉപജാപമാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ഇന്നലെ നിശ്ചയിച്ച പരിപാടികള്‍ മാറ്റിവയ്ക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യം യുദ്ധ സമാനമായ സാഹചര്യത്തില്‍ നീങ്ങുമ്പോഴും ശക്തമായ നേതൃത്വത്തിന്റെ ആവശ്യകത നേരിടുമ്പോഴും മോദി ദേശസുരക്ഷ കണക്കിലെടുക്കാതെ ബി.ജെ.പിയുടെ രാഷ്ട്രീയ കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തുന്നതെന്ന് മായാവതി കുറ്റപ്പെടുത്തി.
അതിനിടെ ഇന്നലെയും ഡല്‍ഹിയില്‍ രാഷ്ട്രീയ പ്രചാരണങ്ങളുടെ തിരക്കിലായിരുന്നു മോദി. വ്യോമസേനാ പൈലറ്റിനെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പി പ്രവര്‍ത്തകരെ ശക്തിപ്പെടുത്തുന്നതിനു വേണ്ടി സംഘടിപ്പിച്ച മേരാ ബൂത്,സബ്‌സേ മസ്ബൂത് എന്ന വിഡിയോ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യം രാജ്യത്തെ തീവ്രപരിചരണ വിഭാഗത്തിലാക്കുമെന്ന് മോദി ബി.ജെ.പി പ്രവര്‍ത്തകരോട് പറഞ്ഞു. ബി.ജെ.പി അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാജ്യത്തിന്റെ വികസനമാണ് അപകടത്തിലാകുക.
വ്യവസായ സൗഹൃദ അന്തരീക്ഷത്തില്‍നിന്ന് അഴിമതി സൗഹൃദ അന്തരീക്ഷത്തിലേക്കാകും രാജ്യം അതോടെ നീങ്ങുന്നത്. ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാനുള്ള തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യം അഴിമതി നിറഞ്ഞ സഖ്യമാണെന്നും മോദി കുറ്റപ്പെടുത്തി.
രാജ്യം ഒറ്റക്കെട്ടായി പൊരുതി വിജയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശത്രുക്കള്‍ക്ക് നമ്മെ ഭയപ്പെടുത്താനാകില്ല.
സൈനികരുടെ മനോബലം ദുര്‍ബലപ്പെടുത്തില്ലെന്ന് ഉറപ്പു വരുത്തേണ്ടത് പ്രധാനമാണ്. ശത്രുക്കള്‍ നമുക്കു നേര്‍ക്കു വിരല്‍ ചൂണ്ടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മോദി പറഞ്ഞു. ഇന്ത്യക്കെതിരായ പ്രവര്‍ത്തനത്തെയും ഭീകരവാദത്തേയും ശത്രു പിന്തുണയ്ക്കുന്നത് ഇന്ത്യയുടെ പുരോഗതി തടയുന്നതിന് വേണ്ടിയാണ്.അതുകൊണ്ട് നമ്മള്‍ ഒന്നാണെന്നും സൈനികരോടൊപ്പമുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."