നിലമ്പൂര്‍ കാടുകളില്‍ 201 ഇനം പൂമ്പാറ്റകളെ കണ്ടെത്തി
നിലമ്പൂര്‍: സഹ്യപര്‍വതങ്ങളില്‍ മാത്രം കണ്ടുവരുന്ന മലബാര്‍ ഫ്‌ളാഷ്, സഹ്യാദ്രി ഫ്‌ളാഷ് ഉള്‍പ്പെടെ നിലമ്പൂര്‍ വനത്തില്‍ 201 ഇനം ശലഭങ്ങളുണ്ടെന്നു പഠനം. തമിഴ്‌നാട്, കേരള, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നും സംസ്ഥാനത്തുനിന്നുമുള്ള പക്ഷിനിരീക്ഷകരും വനം ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘം നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയത്.
150 പേരടങ്ങിയ സംഘം മൂന്നുദിവസം നിലമ്പൂര്‍ വനത്തില്‍ സര്‍വേ നടത്തിയാണു പൂമ്പാറ്റകളുടെ സാന്നിധ്യം കണ്ടെത്തിയത്. വനം വകുപ്പും മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും സംയുക്തമായാണ് സര്‍വേ നടത്തിയത്. കരുളായി റേഞ്ചില്‍ ഉള്‍പ്പെട്ട ചിങ്കക്കല്ല്, മുണ്ടക്കടവ്, ബാലംകുളം, പാണപ്പുഴ, താന്നിപ്പൊട്ടി, പടുക്ക, ടി.കെ കോളനി എന്നിവിടങ്ങളിലാണ് സര്‍വേ നടന്നത്.
ഗരുഡ ശലഭം, ഈറ്റ ശലഭം, ലെയ്ത്ത് ശലഭം, നീലക്കടുവ, പൂങ്കണ്ണി, ഭൂപട ശലഭം, വരയന്‍ കടുവ, ഗോമോദകം, പഞ്ചനേത്രി, ചെങ്കോമ കോമാളി, വെള്ളിലത്തോഴി, ഓര്‍ക്കിഡ് ടിറ്റ്, പൊട്ടുവാലാട്ടി, മലബാര്‍ റോസ്, രത്‌നനീല, മലബാര്‍ റാവന്‍, വനദേവത തുടങ്ങി അപൂര്‍വങ്ങളായ ശലഭങ്ങള്‍ നിര്‍ദിഷ്ട കരിമ്പുഴ വന്യജീവി സങ്കേതത്തില്‍പ്പെട്ട വനത്തില്‍ കണ്ടെത്തി.
സംസ്ഥാനത്തുതന്നെ 330 ഇനം പൂമ്പാറ്റകളെ മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. ഇതില്‍ 201ഉം നിലമ്പൂര്‍ വനമേഖലയിലാണ്. നിലമ്പൂര്‍ വനം സൗത്ത് ഡി.എഫ്.ഒ വി. സജികുമാര്‍, ഡോ. ജാഫര്‍ പാലോട്ട്, വി.കെ ചന്ദ്രശേഖരന്‍, ബാലകൃഷ്ണന്‍ വളപ്പില്‍ എന്നിവര്‍ സര്‍വേയ്ക്കു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."