നോർക്ക രജിസ്ട്രേഷനിൽ മാഹിക്കാരായ മലയാളികളെയും ഉൾപ്പെടുത്തണം: മൻസൂർ പള്ളൂർ
റിയാദ്: നാട്ടിലേക്ക് തിരിച്ചു പോകാനാഗ്രഹിക്കുന്നവർക്ക് ഏർപ്പെടുത്തിയ നോർക്ക രജിസ്ട്രേഷനിൽ മാഹിക്കാരായ മലയാളികളെ പരിഗണിക്കാത്തത് ഗൾഫിലുള്ള മാഹിക്കാരിൽ ഏറെ പ്രയാസം സൃഷ്ടിക്കുന്നുവെന്നും അവരെയും ഉൾപ്പെടുത്താൻ നടപടി വേണമെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ ആവശ്യപ്പെട്ടു . ഭൂമി ശാസ്‌ത്രപരമായി തലശ്ശേരിയോട് ചേർന്ന കേരളത്തിലാണ് മാഹിയെങ്കിലും ഭരണപരമായി കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായതിനാലാണ് നോർക്കയുടെ രജിസ്ട്രേഷനിൽ ഉൾപ്പെടുത്താൻ പറ്റാത്തത് എന്നാണ് അധികൃതർ പറയുന്നത്. അത് കൊണ്ട് തന്നെ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി ഈ വിഷയത്തിൽ കേരള സർക്കാരുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരം കാണണമെന്നും സാധ്യമല്ലാത്ത സഹചര്യം വന്നാൽ കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട് പുതുച്ചേരിക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസികളുടെ വിഷയത്തിൽ ഇടപെടാൻ പുതുച്ചേരിയിൽ ഒരു സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം പുതുച്ചേരി മുഖ്യമന്ത്രിയോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണ് . ഈ ആവശ്യത്തിനുമേൽ നടപടി ഉണ്ടാവണമെന്നും ഗൾഫിൽ നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചു വരുന്ന മാഹിക്കാരുൾപ്പെടുന്ന പുതുച്ചേരി സംസ്ഥാനത്തെ പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങാൻ ലോൺ ,സബ്സിഡി ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."