തൃപ്രയാര്‍ തേവര്‍ പള്ളിയോടത്തില്‍ പുഴകടന്നു
തൃപ്രയാര്‍: ആറാട്ടുപുഴ പൂരത്തിന് മുന്നോടിയായുള്ള തൃപ്രയാര്‍ തേവര്‍ കിഴക്കേകരയിലെ ഗ്രാമപ്രദക്ഷിണത്തിനായി സ്വന്തം പള്ളിയോടത്തില്‍ പുഴകടന്നു. പള്ളിയോടത്തില്‍ പുഴകടന്നെത്തിയ തേവരെ കിഴക്കേനടയില്‍ പഞ്ചവാദ്യത്തോടെയാണ് ഭക്തര്‍ സ്വീകരിച്ചത്. നിയമവെടിക്ക് ശേഷമായിരുന്നു തേവര്‍ പള്ളിയോടത്തില്‍ പുഴകടന്നത്. ചേങ്ങിലപുറത്ത് തിടമ്പ് വെച്ച് കുടശാന്തി തേവരുടെ കോലം പിടിച്ചു. തുടര്‍ന്ന് തേവരുടെ വരവറിയിച്ച് ഇരുകരകളിലും നിന്ന് ഇടവിട്ട് ശംഖ്‌നാദം ഉയര്‍ന്നു. ഇതോടെ തേവര്‍ എഴുന്നള്ളിയ പള്ളിയോടം തൃക്കോല്‍ശാന്തി തുഴഞ്ഞു. കിഴക്കേനടയില്‍ കര്‍പ്പൂരം തെളിയിച്ചാണ് ഭക്തര്‍ തേവരെ സ്വീകരിച്ചത്. കിഴക്കേനടയില്‍ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച തേവര്‍ക്ക് അവകാശികളായ ആമലത്ത് തറവാട്ടുക്കാര്‍ പറ സമര്‍പിച്ചു. തുടര്‍ന്ന് മൂന്നാനകളോടെ തൃപ്രയാര്‍ തേവര്‍ കിഴക്കേനട പൂരത്തിന് എഴുന്നള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."