പാമ്പിഴഞ്ഞപാറ പൊതുകിണറിലെ വെള്ളം ഉപയോഗയോഗ്യമെന്ന് റിപ്പോര്‍ട്ട്
തിരുവമ്പാടി: പാമ്പിഴഞ്ഞപാറയിലെ പൊതുകിണറായ പഞ്ചായത്ത് കിണറിലെ വെള്ളം ഉപയോഗിക്കാമെന്ന് ലബോറട്ടറി റിപ്പോര്‍ട്ട്.
മൂന്നുമാസം മുന്‍പാണ് നാട്ടുകാര്‍ കുടിവെള്ളത്തിന് ഉപയോഗിച്ചിരുന്ന പാമ്പിഴഞ്ഞപാറയിലെ പൊതുകിണറിലെ വെള്ളത്തിന് പൊടുന്നനെ രൂപമാറ്റം വന്നത്. ഇതിനെ തുടര്‍ന്ന് കിണറിലെ വെള്ളം എടുത്ത് പരിശോധിച്ചുവെങ്കിലും ഉപയോഗയോഗ്യമല്ല എന്നായിരുന്നു ആദ്യഫലം. ജനങ്ങള്‍ വീണ്ടും ആശങ്കയിലായതിനെ തുടര്‍ന്ന് വെള്ളത്തിന്റെ സാംപിളെടുത്ത് പരിശോധനയ്ക്ക് രണ്ടാമതും അയച്ചിരുന്നു. ഇതിന്റെ റിസള്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതു പ്രകാരം വെള്ളം ഉപയോഗയോഗ്യമെന്ന് ആരോഗ്യ വകുപ്പധികൃതര്‍ പറഞ്ഞു.
ഇതനുസരിച്ച് വെള്ളത്തിന്റെ പി.എച്ച് മൂല്യം കുറവാണെങ്കിലും ബ്ലീച്ചിങ് പൗഡര്‍, നീറ്റു കക്ക ഉപയോഗിച്ച് ശുദ്ധിയാക്കിയ ശേഷം ഉപയോഗിക്കാമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതുപ്രകാരം തിരുവമ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഗുണഭോക്താക്കളെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു.
കഴിഞ്ഞ ഏതാനും മാസമായി പാമ്പിഴഞ്ഞപാറയിലെ കുടിവെള്ള സ്രോതസുകള്‍ മലിനമാകുകയോ കുടിവെള്ള വിതരണം തടസപ്പെടുകയാ ചെയ്തിരുന്നു. ഇതു കാരണം പ്രദേശത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു. പലക്കടവ് പമ്പ് ഹൗസിലെ മോട്ടോര്‍ കഴിഞ്ഞ ദിവസം ശരിയാക്കി പമ്പിങ് പുനരാംഭിക്കുകയും ചെയ്തിരുന്നു.
ഇതിനിടയില്‍ വാര്‍ഡ് മെംബര്‍ 25000 രൂപ മുടക്കി സ്വന്തം ചെലവില്‍ ബദല്‍ സംവിധാനം ഒരുക്കിയെങ്കിലും ഫലം ചെയ്തില്ല എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ നാല്‍പതോളം വര്‍ഷം പഴക്കമുള്ള പഞ്ചായത്ത് കിണറിലെ വെള്ളത്തിന് എങ്ങനെ മാറ്റം വന്നു എന്നതിന് പക്ഷേ ആര്‍ക്കും ഇപ്പോഴും ഉത്തരമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."