റിസോര്‍ട്ട് ജീവനക്കാരന്റെ കൊലപാതകം; പ്രതി അറസ്റ്റില്‍
കല്‍പ്പറ്റ: റിസോര്‍ട്ട് ജീവനക്കാരനായ കടച്ചിക്കുന്ന് മാമല സണ്ണിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. സണ്ണിയുടെ സുഹൃത്തായ കടച്ചികുന്ന് പള്ളി തൊടിക പി.പി റഷീദാണ് അറസ്റ്റിലായത്.
കഴിഞ്ഞ 24ന് രാത്രി പത്തോടെയാണ് ഗുരുതര പരുക്കുകളുമായി സണ്ണിയെ കടച്ചിക്കുന്ന് റോഡരികില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ തൊട്ടടുത്ത ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍വച്ച് സണ്ണി മരിച്ചു. തുടര്‍ന്ന് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് റഷീദിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്.
കടം വാങ്ങിയ പണം തിരികെ നല്‍കാതിരിക്കാനാണ് സണ്ണിയെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചതായി കല്‍പ്പറ്റ ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ പറഞ്ഞു. പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ റഷീദ് ഹെല്‍മറ്റ് കൊണ്ട് സണ്ണിയുടെ തലക്കടിക്കുകയായിരുന്നു. ക്രൂരമായി മര്‍ദനമേറ്റ സണ്ണി മരിച്ചുവെന്ന് കരുതിയ പ്രതി അപകട മരണമാക്കി ചിത്രീകരിക്കാനും ശ്രമിച്ചതായും പൊലിസ് പറഞ്ഞു. റഷീദിന്റെ വീട് പണിക്ക് സണ്ണി രണ്ട് ലക്ഷം രൂപ കടമായി നല്‍കിയിരുന്നു. എന്നാല്‍ റഷീദ് ഈ പണം തിരികെ നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഇരുവര്‍ക്കുമിടയിലുണ്ടായ വാക്തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രണ്ടുപേരും മദ്യലഹരിയിലായിരുന്നെന്നും റഷീദ് പൊലിസിന് മൊഴി നല്‍കി. മേപ്പാടി എസ്.ഐ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."