കോള്‍പടവുകളിലെ ഇരുപ്പൂകൃഷി താറാവ് കര്‍ഷകര്‍ക്ക് അനുഗ്രഹമാകുന്നു
അന്തിക്കാട്: ജില്ലയിലെ പ്രധാന കോള്‍പടവുകളിലെ ഇരുപ്പൂകൃഷി താറാവ് കര്‍ഷകര്‍ക്ക് അനുഗ്രഹമാകുന്നു. മണലൂര്‍താഴം പടവില്‍ 25,000 താറാവിനെയാണ് തീറ്റയ്ക്കായി ഇറക്കിയിട്ടുള്ളത്. ഒരു ദിവസം ഇത്രയും താറാവിനെ തീറ്റുന്നതിന് പാടശേഖര സമിതിക്ക് 6000 രൂപ നല്‍കണം. ഇരുപ്പൂ കൃഷിയുടെ ഭാഗമായി പാടം മുഴുവന്‍ ഉഴുതുമറിച്ച് വെള്ളം കയറ്റിയിട്ടുണ്ട്. പാടത്തുനിന്ന് കിട്ടുന്ന ഞവിനി, നെല്മണികള്, ചെറുപ്രാണികള്‍ എന്നിവയാണ് താറാവിന്റെ ഭക്ഷണം.
പത്തു ദിവസത്തോളം താറാവുകള്‍ മണലൂര്‍താഴം പടവിലുണ്ടാകും. നടീല്‍ തുടങ്ങിയാല്‍ ഇവിടെ നിന്നും ഇരുപ്പൂ കൃഷി ആരംഭിക്കുന്ന മറ്റു പടവുകളിലേക്ക് താറാവുകളെ മാറ്റും.
കോള്‍ പടവുകളിലേക്ക് തീറ്റയ്ക്കു കൊണ്ടുവരാത്ത മറ്റു ദിവസങ്ങളില്‍ താറാവുകള്‍ക്ക് അരി മാത്രമാണ് ഭക്ഷണമായി നല്‍കുന്നത്. ഇത് താറാവ് കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.
ആയിരം താറാവിന് ഒരു ദിവസം രണ്ടു നേരം ഭക്ഷണം നല്കണമെങ്കില് 100 കിലോ അരി വേണം. കിലോയ്ക്ക് 18 രൂപ വിലവരുന്ന അരിയാണ് താറാവുകള്‍ക്ക് നല്‍കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഗുണനിലവാരം കുറഞ്ഞ അരി നല്കിയാല് മുട്ടയുടെ എണ്ണം ഗണ്യമായി കുറയും.
കോള്‍ പടവുകളില്‍ തീറ്റക്കിറക്കിയാല് വ്യത്യസ്ത ഭക്ഷണങ്ങള്‍ ലഭിക്കുമെന്നതിനാല്‍ മുട്ട വര്‍ദ്ധിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.
ഒന്‍പത് രൂപയാണ് ഒരു മുട്ടയുടെ വില. ചൂട് ശക്തിയായതോടെ താറാവുകള്‍ക്ക് വിവിധ രോഗങ്ങള്‍ പടരുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."