കറപ്പത്തോട്ട ഭൂമിയിടപാട്: കാന്തപുരത്തിനെതിരേ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവ്
തലശ്ശേരി: അഞ്ചരക്കണ്ടി കറുപ്പത്തോട്ട ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ കൃത്യവിലോപത്തില്‍ പ്രധാന എതിര്‍കക്ഷിയായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരേ കൂടുതല്‍ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാന്‍ തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു. കാന്തപുരത്തെ പ്രതി ചേര്‍ക്കാത്തതിനെതിരേ പരാതിക്കാരനായ ഇരിട്ടി പെരിങ്കരി സ്വദേശി എ.കെ ഷാജി അഡ്വ. ഇ നാരായണന്‍ മുഖേന നല്‍കിയ തടസ ഹരജിയിലാണു കാന്തപുരത്തിനെതിരേ അന്വേഷണം നടത്താന്‍ ജഡ്ജി വി. ജയറാം കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പിയോട് ഉത്തരവിട്ടത്.
പരാതിയിലെ നാലാം എതിര്‍കക്ഷിയും രേഖകളില്‍ കൃത്രിമം നടത്താന്‍ പ്രധാനമായും ഇടപെട്ട കാന്തപുരത്തെ ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കി എഫ്.ഐ.ആര്‍ സമര്‍പ്പിച്ച അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി തെറ്റാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
കറപ്പത്തോട്ട ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം ഒന്‍പതുപേരെ വിജിലന്‍സ് പ്രതിയാക്കി തലശ്ശേരി വിജിലന്‍സ് കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇടപാടില്‍ കൃത്രിമം നടത്തിയെന്നു വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കണ്ണൂര്‍ വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.പി ചന്ദ്രന്‍ അന്വേഷണം നടത്തി ആദ്യഘട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
2000ത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കാരന്തൂര്‍ മര്‍ക്കസ് സെക്രട്ടറി എന്ന നിലയില്‍ 218 ഏക്കറോളം വരുന്ന കറപ്പത്തോട്ടം വിലയ്ക്കു വാങ്ങിയിരുന്നു. തുടര്‍ന്നു മുക്ത്യാര്‍ വഴി കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ അബ്ദുല്‍ജബ്ബാര്‍ ഹാജി സ്വന്തമാക്കി. ഈ ഭൂമിയുടെ തരം എസ്റ്റേറ്റ് എന്ന് തന്നെയായിരുന്നു രേഖകളില്‍. എന്നാല്‍ ഇവിടത്തെ കറപ്പ മരങ്ങള്‍ മുഴുവന്‍ വെട്ടിമാറ്റുകയും പഴയ കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചുനീക്കുകയും ചെയ്തു. എസ്റ്റേറ്റ് ഭൂമി ഗാര്‍ഡന്‍ എന്നാക്കി പിന്നീടു വില്‍പ്പന നടത്തി. ഇതിനു റവന്യൂ പഞ്ചായത്ത് അധികൃതര്‍ കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭൂപരിഷ്‌കരണ നിയമപ്രകാരം എസ്റ്റേറ്റ് ഭൂമി മുറിച്ചുവില്‍ക്കാനോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ പാടില്ലെന്നാണു ചട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."