പൊതുസ്ഥലങ്ങളും കൃഷിയിടങ്ങളാകും; വറുതിയെ നേരിടാന്‍ നമുക്കൊന്നിക്കാം... എക്‌സൈസ് വകുപ്പും കേരള സര്‍വകലാശാലയും അടക്കം രംഗത്ത്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ വറുതിയിലേക്ക് നീങ്ങുന്ന സംസ്ഥാനത്തെ രക്ഷിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ രംഗത്ത്.
കൈവശമുള്ള തരിശുഭൂമിയില്‍ കൃഷിയിറക്കാനാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരുങ്ങുന്നത്. ലോക്ക് ഡൗണ്‍ നീളുന്നത് ഇതരസംസ്ഥാനത്ത് നിന്നുള്ള ചരക്കുനീക്കത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ പച്ചക്കറി ഉല്‍പാദനത്തില്‍ ഉള്‍പ്പെടെ സ്വയം പര്യാപ്ത നേടാനാണ് നീക്കം.
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഭക്ഷ്യോല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ലഭ്യമായ തരിശുഭൂമിയിലും അനുയോജ്യമായ മറ്റിടങ്ങളിലും വ്യാപകമായി കൃഷി ആരംഭിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഓഫിസ് കോമ്പൗണ്ടുകളിലും മറ്റും കൃഷി ഇറക്കാന്‍ തയാറായി എക്‌സൈസ് വകുപ്പ് രംഗത്തെത്തി. വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ തരിശു ഭൂമികളിലും അനുയോജ്യമായ മറ്റിടങ്ങളിലും കൃഷി ചെയ്യുന്നതിന് മന്ത്രി ടി.പി രാമകൃഷ്ണന്റെ നിര്‍ദേശ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ തരിശുഭൂമികളില്‍ കൃഷിയിറക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി ഇ.പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.
വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള 307 ഏക്കര്‍ തരിശുഭൂമിയില്‍ കൃഷി തുടങ്ങാനാണ് പദ്ധതി.
36 സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയില്‍ വിവിധ കാര്‍ഷികവിഭവങ്ങള്‍ കൃഷി ചെയ്യാന്‍ നിര്‍ദേശം നല്‍കി. പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം കരകുളത്തെ കെല്‍ട്രോണിന്റെ ഭൂമിയില്‍ മന്ത്രി നിര്‍വഹിച്ചു.കൊവിഡാനന്തര കാലത്ത് കലാലയങ്ങളെ ഹരിതാഭമാക്കാന്‍ കേരള സര്‍വകലാശാലയും രംഗത്തെത്തി.
സര്‍വകലാശാലയുടെ കാര്യവട്ടം കാംപസിലെ 20 ഏക്കറില്‍ നെല്‍കൃഷിയും അഞ്ചേക്കറില്‍ പച്ചക്കറിയും കിഴങ്ങുവര്‍ഗങ്ങളും കൃഷി ചെയ്യാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായത്.
അധ്യയനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്കും രണ്ടുമണിക്കൂര്‍ കൃഷിയില്‍ പങ്കെടുക്കാം. ഇതിനായി കാര്‍ഷിക ഫെലോഷിപ്പും ഏര്‍പ്പെടുത്തും. സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ കമ്മ്യൂണിറ്റി ഫാമിങ് ക്ലബുകള്‍ രൂപീകരിച്ച് മുഴുവന്‍ വിദ്യാര്‍ഥികളെയും കാര്‍ഷിക വൃത്തിയുടെ ഭാഗമാക്കും. മികച്ച കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്ന കലാലയങ്ങള്‍ക്ക് ഹരിതാലയും അവാര്‍ഡും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."