സ്മാര്‍ട്ട് അങ്കണവാടി പ്രഖ്യാപനവും മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും
തിരുവനന്തപുരം: അങ്കണവാടികള്‍ പ്രീ സ്‌കൂള്‍ നിലവാരത്തിലേക്ക് കൊണ്ടുവരുന്നതിനും ഹൈടെക് ആക്കി മാറ്റുന്നതിനുമായുള്ള സ്മാര്‍ട്ട് അങ്കണവാടി പ്രഖ്യാപനവും മാസ്റ്റര്‍ പ്ലാനിന്റെ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മന്ത്രി കെ.കെ ശൈലജ, സമൂഹ്യനീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പങ്കെടുത്തു.
കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന തരത്തില്‍ അങ്കണവാടികള്‍ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അങ്കണവാടികളെ പരിഷ്‌കരിക്കുന്നത്. ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ (സി.ഡി.സി) ഇതുസംബന്ധിച്ച് പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഈ രംഗത്തെ വിദഗ്ധരെയടക്കം ഉള്‍പ്പെടുത്തി ശില്‍പശാലകള്‍ നടത്തിയ ശേഷമാണു സ്മാര്‍ട്ട് അങ്കണവാടികള്‍ നിര്‍മിക്കുന്നതിനുള്ള മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയത്. ഇതനുസരിച്ചാണു 10 സെന്റ്, 7.5 സെന്റ്, 5 സെന്റ്, 3 സെന്റ്, ഒന്നര സെന്റ് (കോര്‍പറേഷനുകള്‍ക്കു മാത്രം) സ്ഥല സൗകര്യത്തിനുസരിച്ച് ഡിസൈനുകളും വിശദമായ എസ്റ്റിമേറ്റുകളും ഉള്‍കൊള്ളുന്ന ഒരു മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയത്.
സ്റ്റഡി റൂം, റെസ്റ്റ് റൂം, ഡൈനിങ് റൂം, കിച്ചന്‍, സ്റ്റോര്‍ റൂം, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ഗാര്‍ഡന്‍ എന്നിവയടങ്ങുന്നതാണു സ്മാര്‍ട്ട് അങ്കണവാടി. തിരുവനന്തപുരം കോളജ് ഓഫ് ആര്‍ക്കിടെക്ചര്‍, നിര്‍മിതി കേന്ദ്ര എന്നിവരുടെ സഹകരണത്തോടെയാണു മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയത്. പുതുതായി നിര്‍മിക്കുന്ന അങ്കണവാടികള്‍ ഈ പ്ലാന്‍ അനുസരിച്ചായിരിക്കണം നിര്‍മിക്കുക. നിലവിലുള്ള അങ്കണവാടികളെയും ഘട്ടംഘട്ടമായി ഈ രീതിയില്‍ ഹൈടെക് ആക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. അങ്കണവാടി വര്‍ക്കര്‍ക്കും ഹെല്‍പര്‍ക്കും ഉണ്ടാകേണ്ട വിദ്യാഭ്യാസം, കമ്മ്യൂണിക്കേഷന്‍, കൗണ്‍സലിങ് സ്‌കില്‍സ്, ജോബ് റെസ്‌പോണ്‍സിബിലിറ്റി എന്നിവയും പ്രധാനമാണ്. ഇതുകൂടാതെ കുട്ടിയുടെ വളര്‍ച്ചയും വികാസവും സി.ഡി.സിയുടെ ഡബ്ല്യു.എച്ച്.ഒ.യുടെ ടൂളുകളുപയോഗിച്ച് നിരീക്ഷണത്തിനു വിധേയമാക്കുകയും എല്ലാവിധ വൈകല്യങ്ങളും നേരത്തെ തന്നെ കണ്ടെത്താനുള്ള ശ്രമങ്ങളുമുണ്ടായിരിക്കും.
സ്മാര്‍ട്ട് അങ്കണവാടികളുടെ ദൃശ്യങ്ങള്‍, വിശദമായ പ്ലാനുകള്‍, ഡ്രോയിങ്ങുകള്‍, എസ്റ്റിമേറ്റുകള്‍ എന്നിവയെല്ലാം മാസ്റ്റര്‍പ്ലാനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."