ഇനി ഹൈമവതിയെ ഭയക്കേണ്ട..!
അന്‍സാര്‍ തുരുത്ത്
കഴക്കൂട്ടം: കാര്യവട്ടം സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെയും നാട്ടുകാരെയും ദീര്‍ഘനാള്‍ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഹൈമവതി എന്ന സാങ്കല്‍പിക യക്ഷിയെ ഇനി ഭയക്കേണ്ട, മാത്രമല്ല മതിതീരുവോളം ഇനി പ്രണയിക്കാം. പ്രണയനൈരാശ്യത്തില്‍ കാംപസിലെ വനത്തിലുള്ളിലെ കുളത്തില്‍ ആത്മഹത്യ ചെയ്തു എന്ന അഭ്യൂഹത്തില്‍ പ്രചരിച്ച കഥകള്‍ ഏറെയായിരുന്നു.
ദശാബ്ദങ്ങള്‍ക്കു മുന്‍പ് കൃഷിയും വനപ്രദേശവുമായ ഇവിടെ വളര്‍ത്തുമൃഗങ്ങളെ മേച്ചുനടന്ന യുവാവും ഹൈമവതി എന്ന യുവതിയും തമ്മിലുണ്ടായ പ്രണയം ഇഷ്ടപ്പെടാത്ത അന്നത്തെ മേലാള വര്‍ഗം, ഹൈമവതിയെ കുറ്റംചാര്‍ത്തി ചിറക്കുളത്തില്‍ ചവിട്ടിത്താഴ്ത്തി എന്നാണു കഥ. ഹൈമവതിയുടെ പ്രേതം ഇന്നും അവിടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നുവെന്ന കഥകളായിരുന്നു പ്രചരിച്ചിരുന്നത്.
നോളജ് പാര്‍ക്കിന്റെ ഭാഗമായി ഇന്ന് കാടും ചെളിയും കൊണ്ട് മൂടിക്കിടന്ന 'ഹൈമവതിയെ ചവിട്ടിത്താഴ്ത്തിയ' കുളം മനോഹരമാക്കിയിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന രീതിയില്‍ മനോഹരമാക്കിയ കുളം ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കാംപസിനായി സമര്‍പ്പിച്ചു.
എങ്കിലും കാലം ചാര്‍ത്തിക്കൊടുത്ത 'ഹൈമവതി' എന്ന പേരില്‍ തന്നെ ഈ കുളം അറിയപ്പെടും. ഒരുകാലത്ത് മനുഷ്യരാരും കടന്നുപോകാത്ത ഈ പ്രദേശം ക്രിമിനലുകളുടെയും മറ്റും താവളമായിരുന്നു. അപ്പോഴും കാംപസിനുള്ളിലും നാട്ടിലും ഹൈമവതി എന്ന പേര് ഏറെ ഭീതിയാണു സൃഷ്ടിച്ചിരുന്നത്. ഇതോടെയാണു സര്‍ക്കാര്‍ കുളവും പരിസരവും നവീകരിച്ച് നോളജ് പാര്‍ക്ക് ആക്കാനുള്ള നടപടികള്‍ തുടങ്ങിയത്.
കഥകളാലും കെട്ടുകഥകളാലും കാംപസിനുള്ളില്‍ ഭീതിപരത്തിയിരുന്ന ഹൈമവതി കുളം നവീകരിക്കണമെന്ന വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും ദീര്‍ഘനാളത്തെ ആവശ്യമാണ് ഇന്നലെ പൂവണിഞ്ഞത്. കാലാവസ്ഥാ വ്യതിയാന വകുപ്പില്‍ നിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ച് കേരള ഇറിഗേഷന്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മുഖേനയാണു കുളം നവീകരിച്ചത്.
കുളം നവീകരിച്ചതോടെ കാംപസിനാവശ്യമായ കുടിവെള്ളം ഇവിടെനിന്ന് ലഭ്യമാക്കാനുള്ള സാധ്യതയും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിന് അനുബന്ധമായി പ്രഖ്യാപിച്ച മറ്റു നിര്‍മാണങ്ങളൊന്നും നടന്നിട്ടില്ല. അര ഏക്കറോളം നീളുന്ന പുല്‍ത്തകിടിയും കുളത്തിനു ചുറ്റും ഇരിപ്പിടങ്ങളും ഔഷധസസ്യങ്ങളും വിപുലമായ പൂന്തോട്ടവും ഗവേഷക വിദ്യാര്‍ഥികള്‍ക്കു പഠിക്കാനും ചര്‍ച്ചകള്‍ക്കുമുള്ള സൗകര്യവും സാഹിത്യ സാംസ്‌കാരിക പരിപാടികള്‍ക്കായി കുളത്തിനു സമീപത്തു വേദിയും ഒരുക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇതൊന്നും യാഥാര്‍ഥ്യമായിട്ടില്ല.
അനുബന്ധ പദ്ധതികള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ എം.എല്‍.എ ഫണ്ടില്‍നിന്ന് ചിലവഴിച്ച് പദ്ധതി പൂര്‍ണതയിലെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരള സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. പി.പി അജയകുമാര്‍, കൗണ്‍സിലര്‍ ലതാകുമാരി, സിന്‍ഡിക്കേറ്റ് അംഗം ലെനില്‍ ലാല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."