റഹിമയ്ക്ക് മംഗലാപുരത്തുനിന്ന് ജീവന്‍രക്ഷാ മരുന്നെത്തിച്ചു ഫയര്‍ഫോഴ്സ്
കായംകുളം: ജീവന്‍രക്ഷാ മരുന്നിനായി ഏഴ് കിലോമീറ്റര്‍ നടന്നെത്തി സഹായം തേടിയ റഹിമയ്ക്ക് മംഗലാപുരത്ത് നിന്നും മരുന്നെത്തിച്ച് ഫയര്‍ഫോഴ്സ്.
മംഗലാപുരം യെനെപോയ മെഡിക്കല്‍ കോളജിന്റെ ചികിത്സയിലുള്ള പുള്ളിക്കണക്ക് സ്വദേശിനിയായ റഹിമാബീവിക്കാണ് അഗ്നിശമന സേന മംഗലാപുരത്തുനിന്നു മരുന്ന് എത്തിച്ചു നല്‍കിയത്.
അഗ്നിശമന സേന ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിക്കുന്ന വിവരം പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞ റഹിമാബീവി, ഏഴ് കിലോമീറ്ററോളം നടന്ന് കായംകുളം ഫയര്‍സ്റ്റേഷനിലെ കൊവിഡ്-19 കണ്ട്രോള് റൂമില്‍ എത്തിയാണ് മരുന്നിന്റെ ആവശ്യം അറിയിച്ചത്. മരുന്ന് വിവരം ശേഖരിച്ച ശേഷം ജീവനക്കാര്‍ റാഹിമയെ വീട്ടില്‍ എത്തിച്ചു. റഹിമ മുന്‍പ് ജോലി ചെയ്തിരുന്ന യെനെപോയ മെഡിക്കല്‍കോളജ് ഫാര്‍മസിയില്‍ ബന്ധപ്പെട്ടെങ്കിലും അവിടെ മരുന്ന് സ്റ്റോക്കില്ലാത്തതിനാല്‍ സമീപത്തെ യശസ്വി മെഡിക്കല്‍ സ്റ്റോറിലെ കര്‍ണാടക സ്വദേശിയായ കരുണാകരനുമായി ബന്ധപ്പെട്ടു.
അദ്ദേഹം മരുന്ന് കാസര്‍കോട് തലപ്പാടി ചെക്പോസ്റ്റില്‍ എത്തിക്കാമെന്നേറ്റു. തുടര്‍ന്ന് സ്റ്റേഷന് ഓഫിസര്‍ ഇന്‍ ചാര്‍ജ് സി. പി. ജോസ് കാഞ്ഞങ്ങാട് സ്റ്റേഷന് ഓഫിസറുമായി ബന്ധപ്പെടുകയും തലപ്പാടിയില്‍ നിന്ന് മരുന്ന് വാങ്ങി ഇന്നലെ ഉച്ചയോടെ കായംകുളത്ത് എത്തിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."