ജില്ലയില്‍ മഴക്ക് ശമനം; ജലനിരപ്പ് താഴുന്നു നെല്‍കൃഷി മേഖലയില്‍ 1.78 കോടി രൂപയുടെ നഷ്ടം
ആലപ്പുഴ: രണ്ട് ദിവസമായി മഴ മാറി നിന്നതിനാല്‍ കുട്ടനാട് ഒഴികെയുള്ള പ്രദേശങ്ങളില്‍ വെള്ളക്കെട്ട് കുറഞ്ഞു. ഇതോടെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. കുട്ടനാട്ടില്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിലക്കാത്തതിനാല്‍ ജലനിരപ്പില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. ഇവിടെ ദുരിതാശ്വാസ ക്യാംപുകള്‍ കൂടുതല്‍ തുറക്കേണ്ടി വരുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.
കാലവര്‍ഷക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പുകള്‍ അവധി ദിനമായ ഇന്നലെയും റവന്യൂ അധികൃതരുടെ നേതൃത്വത്തില്‍ നടത്തി. ജില്ലയില്‍ നെല്‍കൃഷി മേഖലയില്‍ 1.78 കോടി രൂപയുടെ നഷ്ടമുണ്ടായി. 596 ഹെക്ടറിലെ കൃഷി നശിച്ചതായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. 234 ഏക്കറിലെ ബണ്ടുകള്‍ തകര്‍ന്നയിനത്തില്‍ 14 ലക്ഷം രൂപയുടെ നഷ്ടവുമുണ്ടായി. 26 ഹെക്ടര്‍ പ്രദേശത്തെ കരകൃഷി നശിച്ച ഇനത്തില്‍ 42 ലക്ഷം രൂപയുടെ നഷ്ടവും കണക്കാക്കുന്നു.
ഒരു പശുവും 300 താറാവിന്‍കുഞ്ഞുങ്ങളും ചത്ത ഇനത്തില്‍ 12,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ജില്ലയില്‍ നിലവില്‍ 72 ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് ദിവസമായി മഴ മാറി നില്‍ക്കുന്നതിനാല്‍ ക്യാംപില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞുത്തുടങ്ങി. മഴ ഈ നില തുടര്‍ന്നാല്‍ ഇന്നോ നാളെയോയായി ബഹുഭൂരിപക്ഷം ക്യാംപുകളും ഒഴിവാക്കാനാകുമെന്നാണ് റവന്യൂ അധികാരികള്‍ കണക്കുകൂട്ടുന്നത്. ഇന്നലെ ചേര്‍ത്തല, കാര്‍ത്തികപ്പള്ളി താലൂക്കുകളിലായി ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു.കാര്‍ത്തികപ്പള്ളിയില്‍ അഞ്ച് വീടുകളും ചേര്‍ത്തലയില്‍ ഒരു വീടുമാണ് ഇന്നലെ തകര്‍ന്നത്. 72,000 രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."