ആദിവാസി യുവാവിനെ പൊലിസ് മര്‍ദ്ദിച്ചതായി ആരോപണം
മറയൂര്‍: 15 വയസ്സുകാരിയെ കടത്തികൊണ്ടു പോയ ആള്‍ക്ക് സഹായം ചെയ്തു കൊടുത്തു എന്നാരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ആദിവാസി യുവാവിനെ പൊലിസ് മര്‍ദ്ദിച്ചു. മറയൂര്‍ പ്രിയദര്‍ശിനി കോളനിയിലെ ശിവന്റെയും പഴനിയമ്മയുടെയും മകനായ ചന്ദ്രകുമാറി(20)നാണ് മര്‍ദ്ദനമേറ്റത്.
ഇതേ കോളനിയില്‍ താമസിക്കുന്ന 15 വയസ്സുകാരിയെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് യുവാവ് കടത്തികൊണ്ടു പോയതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മറയൂര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. മറയൂര്‍ ആദിവാസി കോളനിയില്‍ പെണ്‍കുട്ടിയും യുവാവും താമസിച്ചു വരുന്നതായി രഹസ്യവിവരം കിട്ടിയ പൊലിസ് നിരീക്ഷിച്ചു വരികയായിരുന്നു. ഒളിച്ചു താമസിക്കുന്ന ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നത് ചന്ദ്രകുമാര്‍ ആണെന്നറിഞ്ഞ പൊലിസ് ഇയാളെ ശനിയാഴ്ച രാത്രി വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയില്‍ എടുത്ത ചന്ദ്രകുമാറിനെ പൊലിസ് മര്‍ദ്ദിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മര്‍ദ്ദനമേറ്റ ചന്ദ്രകുമാറിനെ മറയൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമികചികില്‍സ നല്കി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു. പരാതി ശരിയല്ലെന്നും കസ്റ്റഡിയില്‍ എടുത്ത യുവാവിനെ രാത്രി തന്നെ പൊതുപ്രവര്‍ത്തകരുടെ കൂടെ വിട്ടയച്ചതായും മറയൂര്‍ എസ്.ഐ ജി. അജയകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."