24 മണിക്കൂറും തടസരഹിത വൈദ്യുതി: പ്രസരണ സംവിധാനം സ്ഥാപിക്കാന്‍ 3370 കോടിയുടെ കരാറായി
തിരുവനന്തപുരം: കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വലിയ അളവില്‍ വൈദ്യുതി കൊണ്ടുവരാന്‍ കഴിയുന്ന പ്രസരണ സംവിധാനം സ്ഥാപിക്കുന്നു. സീമെന്‍സ് സുമിടോമോ ഇലക്ട്രിക് ഇന്‍ഡസ്ട്രീസ് കൂട്ടുകെട്ടിനാണ് എച്ച്.വി.ഡി.സി (ഹൈ വോള്‍ട്ടേജ് ഡയറക്ട് കറന്റ്) പ്രസരണ സംവിധാനം സ്ഥാപിക്കാനുള്ള കരാര്‍ പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ നല്‍കിയത്. 3370 കോടിയുടെ ഉപകരണങ്ങള്‍ സ്ഥാപിക്കാനുള്ള കരാറാണ് നല്‍കിയിട്ടുള്ളത്. ഇതില്‍ 1,682 കോടി രൂപ സീമെന്‍സ് ലിമിറ്റഡിനുള്ളതാണ്. കേരളത്തിന് തടസരഹിതമായ വൈദ്യുതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് എച്ച്.വി.ഡി.സി ലിങ്ക് സ്ഥാപിക്കുന്നത്. എല്ലാവര്‍ക്കും 24 മണിക്കൂറും വൈദ്യുതി എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണിത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭഗമായാണ് പദ്ധതിയ്ക്ക് ഉപയോഗിക്കുന്ന പ്രധാന ഉപകരണങ്ങളെല്ലാം ഇന്ത്യയിലെ കമ്പനികളില്‍ നിന്നും സ്വീകരിക്കുന്നതെന്ന് സീമെന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സുനില്‍ മാത്തുര്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ പുഗലൂരില്‍ നിന്ന് തൃശൂരിലേയ്ക്ക് 320 കിലോ വോള്‍ട്ട് എച്ച്.വി.ഡി.സി സിസ്റ്റം വഴിയാണ് വൈദ്യുതി എത്തിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി വോള്‍ട്ടേജ് സോഴ്‌സ്ഡ് കണ്‍വെര്‍ട്ടര്‍ (വി.എസ്.സി) സാങ്കേതികവിദ്യയിലൂടെ 200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എച്ച്.വി.ഡി.സി കണക്ഷനാണ് യാഥാര്‍ഥ്യമാക്കുന്നത്. സ്ഥിരതയുള്ളതും സ്വയം ക്രമീകൃതവുമായ വൈദ്യുതി നല്‍കാന്‍ ഈ സാങ്കേതിക വിദ്യയ്ക്ക് കഴിയും. ഇതിനായി 1000 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് കണ്‍വെര്‍ട്ടര്‍ സ്റ്റേഷനുകളാണ് സീമെന്‍സ് നിര്‍മിക്കുക. എക്‌സ്.എല്‍.പി.ഇ കേബിളുകളുടെ വിന്യാസമാണ് സുമിടോമോ ഇലക്ട്രിക് നടത്തുന്നത്. പുഗലൂരില്‍ നിന്നുള്ള കണ്‍വെര്‍ട്ടര്‍ സ്റ്റേഷനില്‍ നിന്ന് കേരളത്തിലെ ആദ്യ ട്രാന്‍സ്മിഷന്‍ സ്റ്റേഷനിലേയ്ക്ക് ലൈന്‍ വഴിയാണ് വൈദ്യുതി പ്രസരിപ്പിക്കുക. 2020 പകുതിയോടെ ഗ്രിഡ് കണക്ഷന്‍ പൂര്‍ത്തിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."