പരീക്ഷക്കു മുമ്പുള്ള പഠനം എങ്ങനെ?
ഫാത്തിഹ ബിഷര്‍
പരീക്ഷയിതാ കൈയെത്തും ദൂരത്ത്. മോഡല്‍ പരീക്ഷ കഴിയാറായി. ഇനി കൊല്ലപ്പരീക്ഷയിലേക്കാണ് കടന്നുചെല്ലുന്നത്. എത്ര പഠിച്ചാലും തലയില്‍ കേറില്ല. എത്ര വായിച്ചാലും മനസ്സില്‍ തങ്ങില്ല. ക്ലാസില്‍ ശ്രദ്ധിച്ചിരുന്നാലും ഒരു ചെവിയിലൂടെ കേട്ടത് മറു ചെവിയിലൂടെയങ്ങ് പോകുന്നു. ഈ പരാതിയുള്ള കുട്ടികള്‍ ധാരാളം. അവര്‍ക്കെല്ലാം പരീക്ഷക്കൊരുങ്ങാനും പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാനും ഉപകരിക്കുന്ന ചില കുറിപ്പുകള്‍.....
പഠിച്ചത് മറന്നു പോകുന്നു
പഠന സിലബസ് എത്ര ലളിതമാണെങ്കിലും അതൊരു അരോചകമായ പ്രക്രിയയാണ്. ഇഷ്ടമുണ്ടായിട്ടല്ല പലരും പഠിക്കുന്നത്. പഠിക്ക് പഠിക്ക് എന്നു പറഞ്ഞ് നിര്‍ബന്ധിക്കുന്നവര്‍ക്കും സമ്മര്‍ദങ്ങളിലാക്കുന്നവര്‍ക്കും എങ്ങനെ പഠിക്കണമെന്നു പറഞ്ഞുകൊടുക്കാനാകാറില്ല. എന്നാല്‍ പഠനം രസകരമാക്കാനും ഓര്‍മകള്‍ രാകി മിനുക്കി തിളക്കമുള്ളതാക്കാനും ഒരുപാട് സൂത്രങ്ങളുണ്ട്. സൂത്രവാക്യങ്ങളിലൂടെ അവയൊക്കെ സ്വായത്തമാക്കാനുള്ള ചില വഴികളുമുണ്ട്.
ആവര്‍ത്തിച്ചു പഠിച്ചാലും പിന്നീട് അവ പലരും മറന്നുപോകുന്നു. പരീക്ഷാ ഹാളിലെത്തുമ്പോള്‍ സൂത്രവാക്യങ്ങളോ വര്‍ഷങ്ങളോ ഓര്‍മയുണ്ടാകില്ല. നേരത്തെ പഠിച്ച വിവരങ്ങളുമായുള്ള കൂടിച്ചേരലുകള്‍ക്കിടയില്‍പ്പെട്ട് കണ്‍ഫ്യൂഷന്‍ വേറെയും. പരാതികളുടെ പട്ടികക്ക് ഇങ്ങനെ ഒരുപാട് നീളമുണ്ട്. എന്തൊക്കെ ചെയ്തിട്ടും പരിഹാരം കണ്ടെത്താനാകാത്ത പ്രതിസന്ധികള്‍ക്കും.
എന്തുകൊണ്ടാണ് കുട്ടികള്‍ക്ക് കളി എപ്പോഴും ഹരമാകുകയും പഠനം പലപ്പോഴും വിരസമാകുകയും ചെയ്യുന്നത്? കളിയില്‍ ലഹരികണ്ടെത്താനാകുന്നതുപോലെ പഠനത്തിലും ലഹരി കണ്ടെത്താനാകാത്തത്?
ഏതു വിഷയമാണെങ്കിലും താത്പര്യം ഒരു പ്രധാന ഘടകമാണ്. ഫുട്‌ബോളില്‍ ലഹരി കണ്ടെത്തിയ കുട്ടിയോട് ചോദിക്കുക. ഇഷ്ടതാരങ്ങളുടെ കുടുംബ വിശേഷങ്ങള്‍. ഓരോ മാച്ചിലും അവര്‍ നേടിയ ഗോളുകളുടെ നില. ക്രിക്കറ്റില്‍ താത്പര്യമുള്ള കുട്ടികളോട് ചോദിക്കുക. ആരാധ്യതാരങ്ങളുടെ ജീവിതത്തെക്കുറിച്ച്. കുടുംബവിശേഷത്തെക്കുറിച്ച്. അവര്‍ നേടിയ വിക്കറ്റിനെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും.
ചോദ്യത്തോടൊപ്പം തന്നെ മറുപടി വരും. അതാരും അവനെ പഠിപ്പിച്ചെടുത്തതല്ല. അധ്യാപകനോ രക്ഷിതാവോ വടിയോങ്ങുമെന്ന് കരുതി ബുദ്ധിമുട്ടി പഠിച്ചെടുത്തതുമല്ല. പരീക്ഷക്കു ചോദ്യമുണ്ടാകുമെന്നു കരുതിയും പഠിച്ചുവെച്ചതല്ല. അതറിഞ്ഞിരുന്നാല്‍ എ പ്ലസും എഗ്രേഡും ലഭിക്കില്ലെന്നും അവനറിയാം. എന്നിട്ടും അവനതെല്ലാം മനപ്പാഠമാണ്. താത്പര്യമുള്ള വിഷയമായതിനാല്‍ ആരും അറിയാതെ അവന്റെ മനസ്സില്‍ അങ്ങനെയൊരു പ്രക്രിയ നടന്നു കഴിഞ്ഞിരിക്കുന്നു. സമ്മര്‍ദമോ ബുദ്ധിമുട്ടോ അതിന്റെ പേരില്‍ അവന്‍ അനുഭവിച്ചിട്ടേയില്ല.
ഇതുതന്നെയാണ് പഠനത്തിലും സംഭവിക്കേണ്ടത്. വിദ്യാര്‍ഥി അറിയാതെ പഠിക്കണം. പഠിക്കുകയാണെന്ന് തോന്നാതെ ആവശ്യമായ വിവരങ്ങള്‍ മസ്തിഷ്‌കത്തിലെത്തണം. എന്നാല്‍ അതു സംഭവിക്കുന്നത് ന്യൂനപക്ഷമായ വിദ്യാര്‍ഥികള്‍ക്കിടയില്‍ മാത്രമാണ്.
സമയത്തെ ക്രിയാത്മകമായി
ഉപയോഗിക്കണം
പുസ്തകം കാണുമ്പോഴേ മടുപ്പു തോന്നുന്നു ചിലര്‍ക്ക്. പഠിക്കാനേ തോന്നുന്നില്ല മറ്റു ചിലര്‍ക്ക്. എന്നാല്‍ ആഹ്ലാദിപ്പിക്കുന്ന, ത്രില്ലടിപ്പിക്കുന്ന എത്രയോ സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടു താനും. നന്നായി പാട്ടു പാടും. നന്നായി ചിത്രങ്ങള്‍ വരയ്ക്കുന്നു. വേഗതകൂടിയ ഓട്ടക്കാരനാകും. മികച്ച ഫുട്‌ബോള്‍ കളിക്കാരനാകുന്നു. ക്രിക്കറ്റില്‍ നിങ്ങളുടെയത്രയും വിക്കറ്റെടുക്കാന്‍ കൂട്ടുകാര്‍ക്കാര്‍ക്കും കഴിഞ്ഞെന്നുവരില്ല. എന്നാല്‍ പഠന പ്രക്രിയയില്‍ ആ ലഹരി തോന്നുന്നില്ല. അവിടെ നിന്ന് ഒളിച്ചോടാനും കഴിയില്ല.
ഒളിച്ചോടിയാലോ മത്സരങ്ങളുടെ ഈ കാലത്ത് ജീവിതത്തില്‍ തോറ്റുപോകുന്നു. അതുകൊണ്ട് തോറ്റോടുകയല്ല വേണ്ടത്. ധൈര്യത്തോടെ നേരിടണം.
ലോകത്തെവിടെയും വര്‍ഷത്തില്‍ 365 ദിവസമാണ്. ദിവസത്തിന് 24 മണിക്കൂറും. ഇന്ത്യന്‍ പ്രസിഡന്റായിരുന്ന എ.പി.ജെ അബ്ദുല്‍ കലാമിനും ഇപ്പോഴത്തെ പ്രസിഡന്റിനും ദിവസത്തില്‍ 1440 മിനുറ്റു തന്നെയായിരുന്നു ഉണ്ടായിരുന്നത്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനും ഇപ്പോഴത്തെ പ്രധാനമന്ത്രിക്കും ദിവസത്തില്‍ 86400 സെക്കന്‍ഡ് തന്നെയാണുണ്ടായിരുന്നത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണും ഇപ്പോഴത്തെ പ്രസിഡന്റിനും ഇങ്ങനെതന്നെയായിരുന്നു സമയം. കലാമും ലിങ്കനും നെഹ്‌റുവും സമയത്തെ ക്രിയാത്മകമായി ക്രമീകരിച്ചു. നന്നായി ചിന്തിച്ചും മൂല്യവത്തായ കാര്യങ്ങള്‍ നടപ്പാക്കിയും ചരിത്രം തിരുത്തിക്കുറിച്ചു. മറ്റുള്ളവര്‍ക്കത്ര സാധിച്ചോ?
സര്‍ഗാത്മകമായി ചിന്തിക്കാത്തതും ക്രിയാത്മകമായി പ്രവര്‍ത്തിക്കാത്തതും തന്നെയല്ലേ പ്രശ്‌നം.
രസകരമായ പഠനരീതി
പഠനം രസകരമാകണമെങ്കിലും വാശിവേണം. ആവേശം കൂടെപ്പിറപ്പിനെപോലെ കൂടെകൊണ്ടുനടക്കണം. പഠന രീതി വ്യത്യസ്തമാകണം. പഠിക്കുക്കുന്നത് എത്ര രസകരമായ വിഷയമാണെങ്കിലും നിങ്ങള്‍ക്കൊരിക്കലും താത്പര്യമില്ലാത്ത പാഠഭാഗമാണെങ്കിലും അതിനു പുതിയൊരു അവതരണരീതിയുണ്ടെങ്കില്‍ ആര്‍ക്കും താത്പര്യം ജനിക്കും. ആവേശം കൂടും. വിരസമായ നമ്മുടെ പഠന രീതി തന്നെയാണ് പലപ്പോഴും നിരാശ സമ്മാനിക്കുന്നതെന്ന കാര്യത്തിലും തര്‍ക്കമില്ല.
എന്നും ഒരേ രീതി. അതിരാവിലെ എഴുന്നേറ്റ് പുസ്തകവും തുറന്നുവെച്ചുള്ള വായന. കാണാപ്പാഠം പഠിക്കല്‍. പഠിക്കേണ്ട കാര്യങ്ങള്‍ യുക്തിപൂര്‍വം വിശകലനം ചെയ്യാന്‍പോലും പലര്‍ക്കും താത്പര്യമില്ല. അപ്പോള്‍ സ്വാഭാവികമായും ബോറടിക്കും. വര്‍ഷങ്ങളായി ഇതേ പ്രക്രിയതന്നെ തുടരുമ്പോഴോ പറയേണ്ടതില്ലല്ലോ. ഓരോ വായനയും അറിവിന്റെ പുതിയ ആകാശങ്ങളാണ് നമുക്കു മുമ്പില്‍ തുറക്കുന്നത്. വായിക്കുന്തോറും മനസ് വികസിക്കുന്നു. വായനയിലൂടെ മനസിനും ഉണര്‍വ് ലഭിക്കന്നു. ഉന്മേഷം കൈവരുന്നു. മനസിനും ബുദ്ധിക്കും ആവശ്യമായ പോഷണം ലഭിക്കുന്നു. ശരീരത്തിന്റെ പോഷണത്തിന് ആഹാരമെന്നതുപോലെ ബുദ്ധി വികാസത്തനുള്ള പോഷണമാണ് വായന.
മുദ്രാവാക്യത്തിലൂടെ പഠനം
പതുക്കെയാണ് പലരും വായിക്കാറ്. ഉറക്കെ വായിക്കുന്നവരുമുണ്ട്. വായന മനസ്സിലാണെങ്കിലും ഉറക്കെയാണെങ്കിലും രീതിയൊന്നു മാറ്റിപ്പിടിക്കുക. ഉദാഹരണത്തിന് പഠിക്കാനുള്ളത് ചില സൂത്രവാക്യങ്ങളാണ്. അതെങ്ങനെ പറഞ്ഞു നോക്കിയിട്ടും മനസ്സില്‍ കയറുന്നില്ല. അപ്പോള്‍ രീതിയൊന്നു മാറ്റി നോക്കൂ. ഒരു മുദ്രാവാക്യം വിളിക്കുന്ന രീതിയില്‍ അതൊന്നു വിളിച്ചു നോക്കൂ. അങ്ങനെചൊല്ലി പഠിക്കൂ. നിങ്ങളൊരു പ്രകടനത്തിലാണെന്ന് സങ്കല്‍പ്പിക്കൂ. ഉറക്കെ ഉറക്കെ മുദ്രാവാക്യം മുഴക്കന്നതും മനസ്സില്‍ കാണൂ.
ഉദാഹരണത്തിന് സാര്‍ക്ക് ഉച്ചകോടിയില്‍ അംഗത്വമുള്ള രാജ്യങ്ങളെക്കുറിച്ചാണ് പഠിക്കാനുള്ളത്. അവ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും നേപ്പാളും മറ്റുമൊക്കെയാണെന്ന് പുസ്തകത്തിലുണ്ട്. നോട്ടിലും ഭംഗിയായി എഴുതിവെച്ചിരിക്കുന്നു. ഒറ്റ വായനയിലോ രണ്ടാമതൊരു വായനയിലോ അതു മനസ്സില്‍ കേറിയെന്നും വരില്ല. ഒരുപാട് കാര്യങ്ങള്‍ക്കിടയില്‍ അവയെ മാത്രം എങ്ങനെ വേര്‍തിരിച്ചറിയാന്‍ സാധിക്കും? കൂടുതല്‍ വായിക്കുമ്പോഴേക്കും ബോറടിക്കുന്നു. എന്നാല്‍ അതിനു പകരം ആ രാജ്യങ്ങളുടെ പേരിനെ ഒരു മുദ്രാവാക്യ രൂപത്തലൊന്നു വിളിച്ചു നോക്കൂ.
പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍
നേപ്പാള്‍ ഇന്ത്യ മാലി ഭൂട്ടാന്‍
ബംഗ്ലാദേശ് ശ്രീലങ്ക (2)
പാഠമാക്കാം
ഈ നിര്‍ദേശങ്ങള്‍
പരീക്ഷയുടെ തലേ ദിവസങ്ങളില്‍ പരന്ന വായന ഒഴിവാക്കണം. എത്ര പഠിച്ചിട്ടും തലയില്‍ കയറാത്ത കാര്യങ്ങളെ തലയില്‍ വലിച്ചുകയറ്റാന്‍ ഈ ദിവസങ്ങളെ ഉപയോഗപ്പെടുത്തരുത്. പഠിച്ചുകഴിഞ്ഞ പ്രധാന ഭാഗങ്ങളെ എല്ലാം റിഫ്രഷ് ചെയ്യുകയാണ് വേണ്ടത്. സ്വന്തം പഠനരീതി തിരിച്ചറിയുകയും എത്രനേരം ഏകാഗ്രത പാലിക്കാന്‍ കഴിയുമെന്നും കണ്ടെത്തി ഇടവേള കൊടുത്തും മാത്രം പഠനം തുടരാം.
ചില കുട്ടികള്‍ക്ക് പ്രത്യേക സമയങ്ങളിലായിരിക്കും കൂടുതല്‍ ഏകാഗ്രത കിട്ടുന്നത്. അത്തരം സമയങ്ങളില്‍ പഠനം നടത്താം. പരീക്ഷാ ഫലത്തെപ്പറ്റി ഓര്‍ത്ത് ഉത്കണ്ഠ വരുത്തരുത്. മുന്‍ പരീക്ഷകളെ പറ്റിയും അതിലെ മാര്‍ക്കുകളെ പറ്റിയും അധികം ചിന്ത വേണ്ട. ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടമായിരുന്നു പഠിക്കാം. അപകടം പിടിച്ച കളികള്‍ ഒഴിവാക്കണം. നല്ല ഭക്ഷണവും വെള്ളവും ശരീരത്തിനാവശ്യമാണ്. ശീലമില്ലാത്ത ഭക്ഷണങ്ങളെ തീര്‍ത്തും ഒഴിവാക്കണം. ഉറക്കം ഒഴിച്ചിരുന്ന് അധികം പഠിക്കരുത്. നല്ല ഉന്മേഷം ലഭിക്കുന്ന സാഹചര്യങ്ങളായിരിക്കണം പഠനത്തിനൊരുക്കേണ്ടത്.
അനാവശ്യ ചിന്തകളെല്ലാം കുറച്ചുകാലത്തേക്ക് വെടിയുക. ടി.വി.ക്കു മുമ്പില്‍ സമയം ചെലവഴിക്കരുത്. കമ്പ്യൂട്ടര്‍ പഠനത്തിന്റെ ആവശ്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കുക.
ഹാള്‍ടിക്കറ്റ്, പേനകള്‍, ബോക്‌സ്, വാച്ച്, കാല്‍ക്കുലേറ്റര്‍, ലോഗരിതം തുടങ്ങി ആവശ്യമായ സാമഗ്രികളെല്ലാം പരീക്ഷക്ക് അരമണിക്കൂര്‍ മുമ്പു തന്നെ വിദ്യാലയത്തിലെത്തി ഇരിക്കേണ്ട ഹാളും സീറ്റും കണ്ടെത്തണം. ഹാളിലെത്തിയാല്‍ അവശ്യവസ്തുക്കള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തണം. പരീക്ഷാ ഹാളില്‍ വിലക്കിയിട്ടുള്ള കാര്യങ്ങള്‍ ഒന്നും ചെയ്യരുത്.
ചോദ്യപേപ്പര്‍ കിട്ടിയാല്‍ എല്ലാ ചോദ്യങ്ങളും വായിച്ച് എതെല്ലാം ചോദ്യങ്ങള്‍ക്കാണ് ആദ്യം ഉത്തരമെഴുതേണ്ടത് എന്ന് ധാരണയിലെത്തണം. ഉത്തരക്കടലാസില്‍ എഴുതേണ്ടവ ശ്രദ്ധയോടെ ചെയ്യണം. പരീക്ഷയുടെ തിയ്യതിയും സമയവും, ചോദ്യപേപ്പറിന്റെ കോഡ് നമ്പര്‍, രജിസ്റ്റര്‍ നമ്പര്‍ തുടങ്ങിയവയും വിട്ടുപോകാതെ നോക്കണം.
ശാന്തമായി കണ്ണടച്ച് ദീര്‍ഘമായി വളരെ പതിയെ ശ്വാസം എടുക്കുകയും വിടുകയും ചെയ്യുന്നത് ടെന്‍ഷന്‍ കുറയ്ക്കും. പഠിച്ചതൊക്കെ ഓര്‍മയില്‍ തെളിയാനും നല്ലതാണ്. ഏറ്റവും നന്നായി അറിയാവുന്ന കാര്യങ്ങളായിരിക്കണം ആദ്യം എഴുതേണ്ടത്. പ്രധാന പോയിന്റുകളുടെ അടിയില്‍ വരയ്ക്കുന്നതും നല്ലതാണ്. പരീക്ഷ തീരുന്നതിന്റെ പത്തുമിനിട്ടു മുമ്പെങ്കിലും എഴുതിത്തീര്‍ക്കണം.
വലിച്ചുവാരി എഴുതരുത്. അറിയാവുന്ന കാര്യങ്ങള്‍ വ്യക്തമായി എഴുതണം. ആലോചിച്ച് നല്ല മാര്‍ക്ക് ലഭിക്കണം എന്ന ഉദേശ്യത്തോടു കൂടി ബുദ്ധിപൂര്‍വ്വം പരീക്ഷ എഴുതുക.
വാണിംഗ് ബെല്ലടിച്ചാല്‍ പിന്നീട് തുന്നിക്കെട്ടിയ ശേഷം മാത്രമേ എഴുതാവൂ. ഗ്രാഫ്, മാപ്പ് തുടങ്ങിയവ പേപ്പറിനുള്ളില്‍ വെച്ച് കെട്ടണം. ഗ്രാഫിനും മാപ്പിനുമൊക്കെ ചോദ്യനമ്പറിടാന്‍ മറക്കരുത്. പേപ്പര്‍ കൊടുക്കുന്നതിനു മുമ്പ് ഈ കാര്യങ്ങളെല്ലാം പരിശോധിക്കണം. പരീക്ഷ നല്ല കൈയക്ഷരത്തില്‍ വൃത്തിയോടെ എഴുതുക. മാര്‍ജിന്‍, നമ്പറുകള്‍ പാരഗ്രാഫുകള്‍, തലക്കെട്ടുകള്‍ തുടങ്ങിയവ ശ്രദ്ധിക്കുക. ശ്രദ്ധിക്കപ്പെടുന്ന വിധത്തിലായിരിക്കണം നമ്പറുകള്‍ എഴുതേണ്ടത്. ഉത്തരങ്ങള്‍ എഴുതാന്‍ മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ സമയം മുന്‍കൂട്ടി തീരുമാനിച്ചിരിക്കണം. വെട്ടിയും തിരുത്തിയും ഉത്തരക്കടലാസ് വൃത്തികേടാക്കരുത്.
രക്ഷിതാക്കളറിയാന്‍
പരീക്ഷാ കാലത്ത് കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്ന തരത്തിലുള്ള യാതൊന്നും മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടാവരുത്. കുട്ടിയെ ടി.വി. കാണാന്‍ സമ്മതിക്കാതെ മറ്റെല്ലാവരും ടി.വി.കാണുന്നത് അവരില്‍ സമ്മര്‍ദം ഉണ്ടാക്കും. പരീക്ഷാക്കാലത്ത് വീട്ടിലെ എല്ലാവരും ടി,.വി. കാണുന്നത് ഒഴിവാക്കുന്നതും നല്ലതാണ്. പരീക്ഷ എഴുതി വന്നാലുടനെ കുട്ടിയെ ചോദ്യങ്ങള്‍ ചോദിച്ച് വട്ടം കറക്കുന്നത് ഒഴിവാക്കണം. അവര്‍ക്ക് പൂര്‍ണ പിന്തുണയാണ് ആവശ്യം. മാര്‍ക്കിനേക്കാള്‍ വലുത് കുട്ടിയാണെന്ന ചിന്ത ഏതു സമയങ്ങളിലും മാതാപിതാക്കള്‍ക്ക് ഉണ്ടായിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."