'പരിസ്ഥിതി ഭീകരത': ഇന്ത്യക്കെതിരേ യു.എന്നില്‍ പരാതി നല്കാന് പാകിസ്താന്
ഇസ്ലാമാബാദ്: അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ മുഖം രക്ഷിക്കാന്‍ ഇന്ത്യക്കെതിരേ പുതിയ ആരോപണവുമായി പാകിസ്താന്. പാക് കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിനിടെ പൈന്‍ മരങ്ങളടക്കമുള്ള പരിസ്ഥിതിക്കുണ്ടായ ആഘാതം ചൂണ്ടിക്കാണിച്ച് യു.എന്നിനെ സമീപിക്കാനാണ് പാക് നീക്കം. ഇന്ത്യ നടത്തുന്നത് 'പരിസ്ഥിതി ഭീകരവാദ'മാണെന്ന് പാകിസ്താന് ആരോപിച്ചു.
പാക് കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി മാലിക് അമീന് അസ്ലമാണ് ഇന്ത്യക്കെതിരേ യു.എന്നിനെ സമീപിക്കുന്ന കാര്യം അറിയിച്ചത്. ഇന്ത്യയുടെ ആക്രമണത്തില്‍ നൂറുകണക്കിന് പൈന്‍ മരങ്ങള്‍ നശിക്കുകയും പരിസ്ഥിതിക്കു കാര്യമായ ആഘാതം സംഭവിക്കുകയും ചെയ്തതായി മാലിക് ആരോപിച്ചു. സൈനിക ആവശ്യത്തിന് പ്രകൃതിയെ നശിപ്പിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന യു.എന്‍ പൊതുസഭാ പ്രമേയം ഉയര്‍ത്തിക്കാട്ടി ഇതിനെ നേരിടാനാണ് പാക് ശ്രമം.
ചൊവ്വാഴ്ച ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ വടക്കന്‍ പാകിസ്താനിലെ ബാലാകോട്ടിനടുത്ത് മലയോര പ്രദേശത്ത് ബോംബിട്ടിരുന്നു. മേഖലയിലുള്ള ജെയ്ഷെ മുഹമ്മദിന്റെ താവളം ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തില്‍ മുന്നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടതായി ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സാധാരണക്കാര്‍ക്ക് ആക്രമണത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണു വ്യക്തമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."