മസൂദ് അസ്ഹര്‍ പാകിസ്താനില്‍ തന്നെ
ഇസ്‌ലാമാബാദ്: പുല്‍വാമ ഭീകരാക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ ഇപ്പോഴുള്ളത് പാകിസ്താനില്‍ തന്നെ. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഈ വിഷയത്തില്‍ പാകിസ്താന്റെ ഔദ്യോഗിക സ്ഥിരീകരണം വരുന്നത്.
സി.എന്‍.എന്നിന് അനുവദിച്ച അഭിമുഖത്തിലാണ് ഖുറേഷി വെളിപ്പെടുത്തല്‍ നടത്തിയത്. മസൂദ് അസ്ഹര്‍ ക്ഷീണിതനാണെന്നും സ്വന്തം വീട്ടില്‍നിന്നു പോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണുള്ളതെന്നുമാണു തനിക്കു ലഭിച്ച വിവരമെന്ന് ഖുറേഷി വെളിപ്പെടുത്തി.
എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യത്തിന് വ്യക്തമായ തെളിവുകള്‍ ആവശ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പാക് കോടതിക്കു സ്വീകാര്യമായ തെളിവുകള്‍ ഇന്ത്യ കൈമാറുകയാണെങ്കില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളാം. നിയമ നീതിന്യായ വ്യവസ്ഥയെയും ജനങ്ങളെയും ബോധ്യപ്പെടുത്തുകയും തൃപ്തിപ്പെടുത്തുകയും ചെയ്യേണ്ട ബാധ്യത തങ്ങള്‍ക്കുണ്ടെന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു.
മസൂദ് പാകിസ്താനിലിരുന്നാണു വിവിധ രാജ്യങ്ങളില്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതെന്ന് ഇന്ത്യ പലവട്ടം ആരോപിച്ചിരുന്നു. അപ്പോഴെല്ലാം പാകിസ്താന്‍ തള്ളിക്കളയാറാണു പതിവ്. ഇയാളെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ പലവട്ടം യു.എന്നില്‍ ആവശ്യമുന്നയിച്ചെങ്കിലും ചൈന നിരന്തരം നീക്കം തടയുകയാണു പതിവ്. 2001ലെ പാര്‍ലമെന്റ് ആക്രമണം, 2016ലെ പത്താന്‍കോട്ട് വ്യോമതാവളത്തിനു നേരെയുണ്ടായ ആക്രമണം, 2016ല്‍ തന്നെ കശ്മിരിലെ ഉറിയില്‍ സൈനിക ക്യാംപിലുണ്ടായ ആക്രമണം, പുല്‍വാമയില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത ആക്രമണമടക്കം രാജ്യത്തു നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ മസൂദിന്റെ ജെയ്‌ഷെ മുഹമ്മദ് ആണെന്നാണ് ഇന്ത്യയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."