മഹിജയെ മറയാക്കി സര്‍ക്കാര്‍ വിരുദ്ധ വികാരം പടര്‍ത്താന്‍ നീക്കം: പൊലിസ് അതിക്രമത്തെ ന്യായീകരിച്ച് സി.പി.എം
തിരുവനന്തപുരം: ഡി.ജി.പി ഓഫിസിനു മുന്നില്‍ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പൊലിസ് മര്‍ദിച്ചിട്ടില്ലെന്ന് സി.പി.എം.
പൊലിസ് ആസ്ഥാനത്തിനു മുന്നില്‍ നടന്നത് സര്‍ക്കാരിനെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു.
ഇടതു സര്‍ക്കാരിനെ ആക്രമിക്കാനുള്ള ആയുധമായാണ് കോണ്‍ഗ്രസും ബി.ജെ.പിയും മഹിജയെ ഉപയോഗിക്കുന്നതെന്ന് സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. മാതൃത്വത്തിന്റെ കവചമുയര്‍ത്തി സര്‍ക്കാരിനെതിരേ രാഷ്ട്രീയ യുദ്ധം വെട്ടാനുള്ള ദുഷ്ടലാക്ക് തിരിച്ചറിയണം.
അത്തരം നീക്കങ്ങളെ ചെറുക്കും. ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്കു കാരണക്കാരായവരെ പിടികൂടുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. പത്തുലക്ഷം രൂപ ധനസഹായമായി നല്‍കിയെന്നും സി.പി.എം ചൂണ്ടിക്കാട്ടി.
മകന്റെ മരണത്തില്‍ മനംനൊന്ത് കഴിയുന്ന ഒരു അമ്മയുടെ പേരില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരംപടര്‍ത്താന്‍ ബോധപൂര്‍വമായ രാഷ്ട്രീയ യജ്ഞമാണ് നടക്കുന്നത്. ഇ.എം.എസ് സര്‍ക്കാരിന്റെ അറുപതാം വാര്‍ഷിക ആഘോഷദിനത്തില്‍ തന്നെ ഡി.ജി.പി ഓഫിസിന് മുന്നില്‍ സമരവും സംഘര്‍ഷവും സൃഷ്ടിച്ചത് യാദൃശ്ചികമാണെന്ന് കരുതാനാവില്ലെന്നും സെക്രട്ടേറിയറ്റ് പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. തികഞ്ഞ അനുഭാവത്തോടെയും ഇരകളോടൊപ്പമാണ് പൊലിസ് നില്‍ക്കേണ്ടതെന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ നയത്തിന് അനുസൃതമായുമായാണ് പൊലിസ് പെരുമാറിയത്. മഹിജയെ നീക്കാന്‍ ശ്രമിച്ചപ്പോള്‍ റോഡില്‍ കിടക്കുകയും അപ്പോള്‍ വനിതാ പൊലിസ് കൈകൊടുത്ത് പൊക്കിയെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയുമാണ് ചെയ്തത്. ജിഷ്ണുവിന്റെ അമ്മയെ ചവിട്ടുകയോ, മര്‍ദിക്കുകയോ ചെയ്യുന്നതായോ, അതിക്രമങ്ങള്‍ കാട്ടിയതായോ ഒരു മാധ്യമദൃശ്യത്തിലും കാണുന്നില്ല. എന്നാല്‍ ഇതേപ്പറ്റി അവര്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം നിഷ്പക്ഷമായി അന്വേഷിച്ച് ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും സെക്രട്ടേറിയറ്റ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പൊതു വേദികളിലും മാധ്യമങ്ങളിലും മഹിജയുടെ സമരത്തിനെതിരേ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. പൊലിസിന് വീഴ്ച പറ്റിയെന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ രണ്ടഭിപ്രായം ഉയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി ഔദ്യോഗികമായി പ്രസ്താവന ഇറക്കിയത്.
പി.ബി അംഗം എം.എ ബേബിയും ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനും മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സും പൊലിസ് നടപടിക്കെതിരേ രംഗത്തുവന്നിരുന്നു. ഡി.ജി.പിയെ തല്‍സ്ഥാനത്തു നിന്ന് മാറ്റുന്നതിനു സര്‍ക്കാര്‍ തയാറാകണമെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വവും നിലപാട് എടുത്തു. എന്നാല്‍ ഈ നിലപാടുകളെ തള്ളി പൊലിസ് നടപടിയെ പൂര്‍ണമായി ന്യായീകരിക്കുകയാണ് സംസ്ഥാന സെക്രട്ടേറിയറ്റ്.
അതേസമയം, വി.എസും എം.എ ബേബിയുടെ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. മഹിജക്കെതിരായ പൊലിസ് അതിക്രമത്തിനെതിരേ സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെ അവഗണിക്കുന്ന നിലപാടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് കൈക്കൊണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."