രഘുനാഥ് നമ്പ്യാരുടെ നിയമനത്തില്‍ കണ്ണൂരിനും ആഹ്ലാദം
കണ്ണൂര്‍: മലയാളിയായ എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാരെ പശ്ചിമ എയര്‍ കമാന്‍ഡന്റ് മേധാവിയായി നിയമിച്ചതില്‍ കണ്ണൂരിനും ആഹ്ലാദം. കാര്‍ഗില്‍ യുദ്ധ വീരന് എന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ച രഘുനാഥ് നമ്പ്യാര്‍ കണ്ണൂര്‍ കാടാച്ചിറ സ്വദേശിയാണ്.
കാര്‍ഗില്‍ യുദ്ധത്തില്‍ അഞ്ചോളം പാകിസ്താന് പോസ്റ്റുകള്‍ ബോംബിട്ട് തകര്‍ത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന് കാര്‍ഗില്‍ യുദ്ധ വീരന് എന്ന പേര് വീണത്. നിലവില്‍ കിഴക്കന്‍ വ്യോമ കമാന്‍ഡന്റ് മേധാവിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. മലയാളിയും പടിഞ്ഞാറന്‍ വ്യോമ കമാന്‍ഡന്റ് മേധാവിയുമായ എയര്‍മാര്‍ഷല്‍ ചന്ദ്രശേഖരന് ഹരികുമാര്‍ സര്‍വിസില്‍നിന്ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
വടക്കന്‍ രാജസ്ഥാനിലെ ബിക്കാനീര്‍ മുതല്‍ സിയാച്ചിന്‍ ഗ്ലേസിയര്‍ വരെയുള്ള മേഖലകള്‍ ഉള്‍പ്പെടുന്നതാണ് പശ്ചിമ എയര്‍ കമാന്‍ഡന്റ്. ഡല്‍ഹി ആസ്ഥാനമായാണ് ഇതിന്റെ പ്രവര്‍ത്തനം.
വ്യോമസേനയുടെ ബേസ് സ്റ്റേഷനുകളില്‍ 40 ശതമാനവും പശ്ചിമ എയര്‍ കമാന്‍ഡന്റിന് കീഴിലാണ്. വ്യോമസേനയുടെ യുദ്ധ വിമാനമായ മിറാഷ് 2000 ഏറ്റവും കൂടുതല്‍ മണിക്കൂറുകള്‍ പറപ്പിച്ചെന്ന റെക്കോര്‍ഡും രഘുനാഥ് നമ്പ്യാരുടെ പേരിലാണ്. 5100 മണിക്കൂര്‍ യുദ്ധ വിമാനം പറത്തി പരിചയമുള്ള രഘുനാഥ് നമ്പ്യാര്‍ അതില്‍ 2300 മണിക്കൂറും മിറാഷ് 2000 ആണ് പറത്തിയിട്ടുള്ളത്.
1981ലാണ് രഘുനാഥ് നമ്പ്യാര്‍ വ്യോമസേനയില്‍ പ്രവേശിക്കുന്നത്. 2016 ഫെബ്രുവരി 29ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമിറങ്ങിയ വ്യോമസേനാ ഡോണിയര്‍ 228 വിമാനത്തിന്റെ പൈലറ്റും എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ ആയിരുന്നു. രഘുനാഥ് ബംഗളൂരുവിലാണ് താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."