ചെമ്പ്ര ഫാത്തിമ ഫാം എസ്‌റ്റേറ്റ് തൊഴിലാളികള്‍ പിടിച്ചെടുക്കുന്നു; തോട്ടം 20 സെന്റ് വരുന്ന പ്ലോട്ടുകളായി 11ന് അളന്നുതിരിക്കും
മേപ്പാടി: ചെമ്പ്രയിലുള്ള ഫാത്തിമ ഫാംസ് തേയിലത്തോട്ടം തൊഴിലാളികള്‍ പിടിച്ചെടുക്കും. ഇതിന്റെ ഭാഗമായി തോട്ടം 20 സെന്റ് വീതമുള്ള പ്ലോട്ടുകളായി 11ന് രാവിലെ അളന്നുതിരിക്കും.
തോട്ടം പിടിച്ചെടുത്തതായുള്ള പ്രഖ്യാപനം അന്നു വൈകുന്നേരം മേപ്പാടിയില്‍ പ്രകടനാനന്തരം ചേരുന്ന പൊതുസമ്മേളനത്തില്‍ തൊഴിലാളി നേതാക്കള്‍ നടത്തും. ഒരു തൊഴിലാളിക്ക് ഒന്ന് എന്ന നിലയില്‍ പ്ലോട്ടുകള്‍ പിന്നീട് കൈമാറും.
രണ്ട് തൊഴിലാളികള്‍ ഉള്ള കുടുംബത്തിനു രണ്ട് പ്ലോട്ടുകള്‍ ലഭിക്കും. കഴിഞ്ഞ ദിവസം ചെമ്പ്രയില്‍ ചേര്‍ന്ന സംയുക്ത ട്രേഡ് യൂനിയന്‍ യോഗത്തിലായിരുന്നു തോട്ടം പിടിച്ചെടുക്കാനുള്ള തീരുമാനം. നേതാക്കളായ ടി ഹംസ(എ.സ്.ടി.യു), പി ഗഗാറിന്‍, കെ സെയ്തലവി(സി.ഐ.ടി.യു), പി.കെ അനില്‍കുമാര്‍, എന്‍ വേണുഗോപാല്‍(ഐ.എന്‍.ടി.യു.സി), പി മുരളീധരന്‍(ബി.എം.എസ്), എന്‍.ഒ ദേവസി (എച്ച്.എം.എസ്) എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. 2016 ഒക്‌ടോബര്‍ 27ന് ഏകപക്ഷീയമായി ലോക്കൗട്ട് ചെയ്ത തോട്ടം തുറക്കാന്‍ മാനേജ്‌മെന്റ് തയാറാകാത്ത സാഹചര്യത്തില്‍ ശക്തമായ സമരമുറ എന്ന നിലയിലാണ് എസ്റ്റേറ്റ് പ്ലോട്ടുകളായി അളന്നുതിരിച്ച് തൊഴിലാളികള്‍ക്ക് നല്‍കാനുള്ള തീരുമാനമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.
പ്രക്ഷോഭത്തിന്റെ ഭാഗമായി 17, 18, 19 തീയതികളില്‍ കോട്ടപ്പടി വില്ലേജ് ഓഫിസ് ഉപരോധിക്കുമെന്നും അവര്‍ അറിയിച്ചു. 320 തൊഴിലാളികളാണ് ഫാത്തിമ ഫാംസില്‍. തോട്ടം ലോക്കൗട്ട് ചെയ്തതിനു പിന്നാലെ ഇവര്‍ ആരംഭിച്ച സമരവും തടുരുകയാണ്.
സമരം ഒത്തുതീര്‍ക്കുന്നതിനും തോട്ടം തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനും ട്രേഡ് യൂനിയന്‍ നേതൃത്വവും തൊഴില്‍ വകുപ്പും മാനേജ്‌മെന്റുമായി ഇതിനകം ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടത്തിയ ചര്‍ച്ചകള്‍ വിജയിച്ചില്ല.
തോട്ടം കനത്ത നഷ്ടത്തിലായതിനാല്‍ തൊഴിലാളികളില്‍ കുറെ പേരെ ഒഴിവാക്കണമെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയാകട്ടെ ഒരു തൊഴിലാളിയെ പോലും പിരിച്ചയക്കാന്‍ അനുവദിക്കില്ലെന്ന ശാഠ്യത്തിലുമാണ്.
ലോക്കൗട്ട് വിഷയത്തില്‍ ഏറ്റവും ഒടുവില്‍ തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ രണ്ടുതവണ ചര്‍ച്ച നടത്തിയിരുന്നു.
രണ്ടാമത്തെ ചര്‍ച്ചയില്‍ തോട്ടം തുറക്കാമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ സമ്മതിച്ചതാണ്. എന്നാല്‍ പിന്നീട് നിലപാട് മാറ്റി. ഇതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ അടുത്തിടെ ഫാത്തിമ ഫാംസിന്റെ കോഴിക്കോടുള്ള സഹസ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."