ജനങ്ങള്‍ സമരമുഖത്ത്; നീലഗിരിയിലെ മദ്യശാലകള്‍ക്ക് പൂട്ടുവീഴും
ഗൂഡല്ലൂര്‍: നീലഗിരിയില്‍ ദേശീയ, സംസ്ഥാന പാതകളോടു ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന വിദേശമദ്യ ചില്ലറവില്‍പന ശാലകള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനു അധികാരികള്‍ നടത്തുന്ന നീക്കങ്ങള്‍ ജനങ്ങളുടെ ചെറുത്തുനില്‍പിന് മുന്നില്‍ പാളുന്നു. ഗ്രാമങ്ങളില്‍ സ്ത്രീകളടക്കമുള്ളവര്‍ ശക്തമായി രംഗത്തുവരുന്നതാണ് മദ്യഷാപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് അധികൃതര്‍ക്ക് തടസമാകുന്നത്.
ദേവര്‍ഷോലയിലെ മദ്യഷാപ്പ് ദേവന്‍ എസ്റ്റേറ്റിലെ നെല്ലിക്കുന്നിലേക്ക് മാറ്റാനുള്ള ശ്രമവും ഗൂഡല്ലൂര്‍ ടൗണിലെ മദ്യഷാപ്പ് കാളംപുഴയിലേക്കും പാട്ടവയല്‍ ചെക്‌പോസ്റ്റ് പരിസരത്ത മദ്യശാല കരിമ്പന്‍മൂലയിലേക്കും നാടുകാണിയിലെ മദ്യഷാപ്പ് താഴെ നാടുകാണിയിലേക്കും മാറ്റാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ അധികൃതരുടെ നീക്കം നാട്ടുകാരുടെ ശക്തമായ എതിര്‍പ്പുമൂലം പരാജയപ്പെട്ടു. നെല്ലിക്കുന്നില്‍ സ്ത്രീകളടക്കം 300ഓളം പേര്‍ കടക്കുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയതോടെ മദ്യഷാപ്പ് സ്ഥാപിക്കാനുള്ള മാറ്റം തടഞ്ഞത്.
ദേവര്‍മഷാലയില്‍നിന്നു ഗൂഡല്ലൂരിലേക്ക് പോകുകയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസും സമരക്കാര്‍ രാവിലെ ഏഴ് മുതല്‍ തടഞ്ഞിട്ടിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് മദ്യവുമായുള്ള വാഹനം നെല്ലിക്കുന്നില്‍ എത്തിയത്.
വിവരമറിഞ്ഞ നാട്ടുകാര്‍ സംഘടിച്ച് കടയ്ക്കുമുമ്പില്‍ കുത്തിയിരിപ്പുസമരം ആരംഭിക്കുകയായിരുന്നു. വൈകാതെ സ്ഥലത്തെത്തിയ ഗൂഡല്ലൂര്‍ തഹസില്‍ദാര്‍ ശിവകുമാര്‍, ഡിവൈ.എസ്.പി ഇന്‍ ചാര്‍ജ് പഞ്ചാശരന്‍, സി.ഐ വെങ്കിടേഷ്, എസ്.ഐ റഹീം എന്നിവര്‍ സമരക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ നെല്ലിക്കുന്നില്‍ മദ്യഷാപ്പ് തുറക്കില്ലെന്ന് ഉറപ്പുനല്‍കി.
ഇതേത്തുടര്‍ന്നാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്. പാട്ടവയല്‍ ചെക്‌പോസ്റ്റ് പരിസരത്ത മദ്യശാല കരിമ്പന്‍മൂലയിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള ശ്രമവും നാട്ടുകാര്‍ ചെറുത്തുതോല്‍പ്പിച്ചു.
ഇവിടെയും കടക്ക് മുന്നില്‍ ജനങ്ങള്‍ ഉപരോധം തീര്‍ത്തു. കാളംപുഴ, താഴെനാടുകാണി എന്നിവിടങ്ങളിലും സമാനമായ സമരം നടന്നു. ഗൂഡല്ലൂര്‍ ടൗണിലുണ്ടായിരുന്ന മദ്യശാല കഴിഞ്ഞ ദിവസമാണ് കാളംപുഴയിലേക്ക് മാറ്റിയത്. സമരം തുടരുന്ന ഇവിടെ പൊലിസ് കനത്ത സുരക്ഷാസംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും 30 സമരക്കാരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
സ്‌റ്റേഷനില്‍ നിന്ന് ജാമ്യം നേടിയ സമരക്കാര്‍ സമരം ശക്തമാക്കുമെന്നും വിജയം കാണുംവരെ സമരരംഗത്ത് നിന്ന് പിന്‍മാറില്ലെന്നും അറിയിച്ചിട്ടുണ്ട്.
നാടുകാണിയിലെ മദ്യഷാപ്പ് താഴെ നാടുകാണിയിലേക്ക് മാറ്റാനുള്ള അധികൃതരുടെ ശ്രമവും ജനങ്ങള്‍ പരാജയപ്പെടുത്തുകയായിരുന്നു. കുന്നൂര്‍, കോത്തഗിരി ടൗണുകളിലും മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനെതിരേ സമരം നടന്നുവരികയാണ്. സ്ത്രീകളാണ് പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍. മദ്യശാലകള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് മാറ്റാനുള്ള അധികാരികളുടെ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കുമെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."