HOME
DETAILS
MAL
എട്ടുവയസുകാരന്റെ ജീവനെടുത്തത് സംഘ്പരിവാറിന്റെ വിദ്വേഷ പ്രചാരണം
backup
June 18 2018 | 20:06 PM
കാസര്‍കോട്: അന്യമത വിരോധം ആളിക്കത്തിക്കുന്ന ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ പ്രസംഗങ്ങളുടെ ആരാധകനാണ് ഫഹദ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയും തെങ്ങുകയറ്റ തൊഴിലാളിയുമായ പെരിയയിലെ കണ്ണോത്ത് വിജയന്‍. മത, വര്‍ഗീയ വിഷം ചീറ്റുന്ന ശശികലയുടെ പ്രസംഗ ഭാഗങ്ങള്‍ സ്വന്തം മൊബൈലില്‍ സേവ് ചെയ്ത് കേട്ടും മറ്റുള്ളവരെ കേള്‍പ്പിക്കുന്നതിലും ഹരം കൊള്ളലാണ് വിജയന്റെ പ്രധാന ഹോബി. ഈ മാനസികാവസ്ഥയാണ് അന്യമതക്കാരനായ അയല്‍വാസിയുടെ ശാരീരിക വൈകല്യമുള്ള മകനെ സഹോദരിയുടെ മുന്നിലിട്ട് വെട്ടിനുറുക്കി കൊല്ലാനുള്ള ക്രൗര്യം പകര്‍ന്നത്. മുന്‍പ് ട്രെയിനിന് മുസ്‌ലിം ഭീകരര്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വിജയന്‍ പൊലിസിന് ഫോണ്‍ ചെയ്ത സംഭവവും ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍ വിജയനെതിരേ കേസ് നിലവിലുണ്ട്.
ശശികലയടക്കം സംഘ്പരിവാര്‍ സംഘം നടത്തുന്ന വിരോധ പ്രചാരണത്തിന്റെ ഇരയാണ് അമ്പലത്തറയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കണ്ണോത്ത് അബ്ബാസിന്റെ മകന്‍ എട്ടുവയസുകാരന്‍ മുഹമ്മദ് ഫഹദ്. കോടതി കഠിന തടവിന് ശിക്ഷിച്ച പ്രതി വിജയന്‍, ഫഹദിനെ അരുംകൊല ചെയ്തത് മറ്റൊരു മതത്തില്‍ പിറന്നുവെന്ന ഒറ്റ കുറ്റത്തിനാണ്. എന്നാല്‍ മനോരോഗിയെന്ന് വരുത്തി വിജയനെ രക്ഷിക്കാനാണ് ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വം ശ്രമിച്ചത്.
2015 ജൂലായ് ഒന്‍പതിന് രാവിലെയാണ് കല്യോട്ടിന് സമീപത്തെ ചാന്തന്‍മുള്ളില്‍ നാടിനെ നടുക്കിയ കൊല നടന്നത്. കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്ന ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴാണ് വിജയന്‍ വാക്കത്തിയുമായി സമീപമെത്തിയത്. കൂട്ടുകാരോടൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്ന ഫഹദിനെ മറ്റു കുട്ടികളെയെല്ലാം ഭയപ്പെടുത്തി ഓടിച്ച ശേഷം കൈയില്‍ കരുതിയിരുന്ന വലിയ കത്തികൊണ്ട് വിജയന്‍ പിറകില്‍ നിന്നും വെട്ടുകയായിരുന്നു. വെട്ടില്‍ കുട്ടിയുടെ പുറം ഭാഗം പിളര്‍ന്നുപോയി. സംഭവ സ്ഥലത്ത് ചോരവാര്‍ന്ന് ഫഹദ് മരിച്ചു.
പൊതുസമൂഹവും മാധ്യമങ്ങളും രംഗത്തുവന്നതോടെയാണ് കേസില്‍ അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങിയത്. തുടക്കത്തില്‍ കേസ് വഴിതിരിച്ചുവിടാനും സംഘ്പരിവാര്‍ ശ്രമിച്ചിരുന്നു. ബേക്കല്‍ പൊലിസാണ് വിജയനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തത്. ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന വിജയന് ഇന്നലെ ശിക്ഷ വിധിക്കുംവരെ കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. വിജയന്‍ ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും പൊലിസ് നല്‍കിയ റിപ്പോര്‍ട്ടും ജാമ്യം കിട്ടുന്നതിന് തടസമായി. പ്രതിയുടെ അന്യമത വിദ്വേഷവും മൃഗീയ സ്വഭാവവുമാണ് ഫഹദിനെ കൊലപ്പെടുത്തുന്നതിലേക്ക് എത്തിച്ചതെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ 60 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ ഫഹദിന്റെ സഹോദരി ഉള്‍പ്പെടെ 32 പേരെയാണ് കോടതി വിസ്തരിച്ചത്.
വിധിയില്‍ തൃപ്തരാവാതെ ഫഹദിന്റെ കുടുംബം
കാസര്‍കോട്: നാടിനെ നടുക്കിയ ഫഹദ് വധക്കേസില്‍ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി വിധിയില്‍ തൃപ്തരാവാതെ ഫഹദിന്റെ പിതാവും കുടുംബവും. പ്രതി വിജയന് ലഭിച്ചിരിക്കുന്നത് ജീവപര്യന്തം തടവും പിഴയുമാണ്. എന്നാല്‍ തങ്ങള്‍ അനുഭവിച്ച വേദനകള്‍ ഇതിനെക്കാള്‍ വലുതാണ്. സെഷന്‍സ് കോടതിയുടെ വിധിക്കെതിരേ എന്ത് ചെയ്യണമെന്ന് കേസില്‍ ഹാജരായ അഡി.പബ്ലിക്ക് പ്രോസിക്യൂട്ടറുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഫഹദിന്റെ പിതാവ് അബ്ബാസ് പറഞ്ഞു.
പ്രതിക്ക് കോടതി വധശിക്ഷ നല്‍കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കിട്ടിയത് ജീവപര്യന്തം തടവാണ്. അതുകൊണ്ട് തന്നെ പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അബ്ബാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."