അഭ്യൂഹങ്ങള്‍ക്ക് വിരാമം: കിം ജോങ് ഉന്‍ പൊതുവേദിയില്‍ എത്തിയതിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഉത്തരകൊറിയ
സോള്‍: ഏറെ കാലമായി നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പൊതുചടങ്ങില്‍ പങ്കെടുത്തതായി ഉത്തരകൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.നീണ്ട 20 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ഒരു പൊതുചടങ്ങില്‍ പ്രത്യക്ഷപ്പെടുന്നത്.
പ്യോംഗ് യാംഗിലെ വളം നിര്‍മാണ വ്യവസായ കേന്ദ്രം കിം ജോങ് ഉദ്ഘാടനം ചെയ്തതായി കൊറിയന്‍ സെന്‍ട്രല്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.സഹോദരി കിം യൊ ജോങ് അടക്കമുള്ള മുതിര്‍ന്ന ഒഫീഷ്യലുകള്‍ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. ഉദ്ഘാടന ശേഷം ചിരിച്ചുകൊണ്ട് ഫാക്ടറി നടന്നു കാണുന്ന കിമ്മിന്റെ ചിത്രങ്ങളും പുറത്തുവന്നു.
നേരത്തെ ഏപ്രില്‍ 11ന് വര്‍ക്കേഴ്‌സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്.ഏപ്രില്‍ 15ന് മുത്തച്ഛന്റെ പിറന്നാളാഘോഷങ്ങളില്‍ നിന്ന് കിം വിട്ടുനിന്നിരുന്നതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
കിമ്മിന്റ ആരോഗ്യനനില ഗുരുതരമാണെന്നാണ് യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ചില മാധ്യമങ്ങള്‍ കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."