പെരിയ കൊലപാതകം: രണ്ട് പ്രതികള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
കാസര്‍കോട്: പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരതിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കേസിലെ മുഖ്യപ്രതി സി.പി.എം പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എം. പീതാംബരന്‍, കേസിലെ പ്രതികള്‍ സഞ്ചരിച്ച വാഹന ഉടമ ഏച്ചിയടുക്കത്തെ സജി ജോര്‍ജ് എന്നിവരെയാണ് കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടത്. നാലാം തിയതി ഉച്ചയ്ക്ക് രണ്ട് പ്രതികളെയും തിരികേ കോടതിയില്‍ ഹാജരാക്കണം.
കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് അവധിയിലായതിനാല്‍ വ്യാഴാഴ്ച വൈകിട്ടാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കാസര്‍കോട് കോടതിയില്‍ അപേക്ഷ നല്‍കിയത്. വിട്ടുകിട്ടിയ പ്രതികളെ കാസര്‍കോട് ജില്ലാ പൊലിസ് മേധാവിയുടെ കാര്യാലയത്തില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.
കേസില്‍ ഇനിയും പ്രതികള്‍ അറസ്റ്റിലാവാനുണ്ടെന്നും മുഖ്യപ്രതികളായ എം. പീതാംബരനെയും സജി ജോര്‍ജിനെയും ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്നും ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു. നേരത്തെ അന്വേഷണം നടത്തിയ പൊലിസ് സംഘം കണ്ടെത്തിയതടക്കം ഏഴോളം വാഹനങ്ങളും ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ച് വരികയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധിപേരെ കഴിഞ്ഞ ദിവസങ്ങളില്‍ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തിനുശേഷം മേഖലയിലെ പല സി.പി.എം പ്രവര്‍ത്തകരും ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."