കൊളംബിയ - ജപ്പാന്‍ പോരാട്ടം
മോര്‍ഡോവിയ: ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ ശക്തരായ കൊളംബിയ ജപ്പാനുമായി ഏറ്റുമുട്ടും. 2014 ഫിഫ ലോകകപ്പില്‍ അട്ടിമറി വിജയങ്ങളുമായി കുതിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിന് മുന്‍പില്‍ മുട്ടുകുത്തിയപ്പോഴും ലോകം ഒന്നടങ്കം കൊളംബിയക്ക് വേണ്ടി കൈയടിച്ചിരുന്നു. കാരണം കഠിനാധ്വാനം കൊണ്ടായിരുന്നു 16 വര്‍ഷങ്ങള്‍ക്ക് ശേഷം 2014 ലെ ലോകകപ്പിന് യോഗ്യത നേടിയിരുന്നത്. അന്ന് ഗ്രൂപ്പ് ഘട്ടം പോലും കടക്കുമെന്ന് ഫുട്‌ബോള്‍ പ്രവചനങ്ങളില്‍ സാധ്യത കല്‍പ്പിക്കാതിരുന്ന കൊളംബിയന്‍ ടീം ചരിത്രത്തിലാദ്യമായി ബ്രിസീലിയന്‍ മണ്ണില്‍ ക്വാര്‍ട്ടര്‍ കളിച്ചു.
ഈ ലോകകപ്പിലൂടെ ജയിംസ് റോഡിഗ്രസ്, മ്യൂറിയല്‍, ഡേവിഡ് ഒസ്പിന, കാര്‍ലോസ് ബാക്ക, ക്വാഡ്രോഡോ എന്നിങ്ങനെ ഒരുപാട് പുതുമുഖ താരങ്ങള്‍ പിറവിയെടുത്തു. ജെയിംസ് റോഡ്രിഗസ് എന്ന കൊളംബിയന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ലോകത്തിന്റെ മുഴുവന്‍ ഹീറോയായത് പ്രീകാര്‍ട്ടറില്‍ ഉറുഗ്വേയ്‌ക്കെതിരേ നേടിയ വിസ്മയ ഗോളിലൂടെയായിരുന്നു. 28ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിന് വെളിയില്‍ നിന്ന് തന്റെ ഇടതുകാല്‍ കൊണ്ട് നേടിയ വെടിയുണ്ട ഗോള്‍ ലോകത്തെ മികച്ച ഗോളുകളിലൊന്നാണ്.
ഗ്ലാമര്‍ താരങ്ങള്‍ക്ക് തെല്ലും പഞ്ഞമില്ലാത്ത കൊളംബിയ ജോസെ പെക്കര്‍മാന്റെ ശിക്ഷണത്തില്‍ രണ്ടും കല്‍പിച്ചാണ് റഷ്യയിലേക്ക് വണ്ടി കയറിയത്. കഴിഞ്ഞ ലോകകപ്പിലെ ടോപ്‌സ്‌കോററായ റോഡിഗ്രസ് ഇത്തവണയും ഗോളടിച്ചുകൂട്ടാനുറച്ചാണ് റഷ്യയിലെത്തുന്നത്. പരുക്കേറ്റതിനാല്‍ കഴിഞ്ഞ ലോകകപ്പില്‍ പങ്കെടുക്കാനാവാതെ പോയ ക്യാപ്റ്റന്‍ റഡമേല്‍ ഫാല്‍ക്കാവോ കൂടി ചേരുന്നതോടെ കൊളംബിയയുടെ മുന്നേറ്റ നിര കരുത്തുറ്റതാവും. വമ്പന്മാരോടേറ്റുമുട്ടുമ്പോള്‍ കാലിടറുന്ന പതിവാണ് ടീമിന്റെ ശാപം. ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ ജപ്പാനാണ് കൊളംബിയയുടെ എതിരാളികള്‍.
റാങ്കിങ്ങില്‍ 61ാം സ്ഥാനത്തുള്ള ജപ്പാന്‍ തങ്ങളുടെ തുടര്‍ച്ചയായ ആറാം ലോകകപ്പിനാണ് എത്തുന്നത്. യോഗ്യതാ റൗണ്ടില്‍ സൗദി അറേബ്യയെ പിന്തള്ളി, ഒന്നാമതായാണ് അവര്‍ ഫിനിഷ് ചെയ്തത്. കൊളംബിയയെ പോലുള്ള ടീമിനെ പരാജയപ്പെടുത്തണമെങ്കില്‍ അലവര്‍ നന്നേ വിയര്‍ക്കേണ്ടി വരും. കെയ്‌സുകെ ഹോണ്ട, ഒഗസാക്കി, ഷിന്‍ജി കഗാവ തുടങ്ങി പരിചയസമ്പന്നരുടെ ഒരു നിരതന്നെ ടീമിലുള്ളത് ഏഷ്യന്‍ ടീമിന് കരുത്തേകും. കോച്ച് അകിറ നിഷിനോയുടെ കീഴിലാണ് ജപ്പാന്‍ റഷ്യയിലേക്കെത്തിയത്. കൊളംബിയയെ സമനിലയില്‍ പിടിക്കുകയെന്ന തന്ത്രമായിരിക്കും ജപ്പാന്‍ നടപ്പാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."