അതിഥി തൊഴിലാളികളുമായി അഞ്ച് ട്രെയിനുകള്‍ കൂടി പുറപ്പെട്ടു
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ പോകാനാകാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളുമായി അഞ്ച് ട്രെയിനുകള്‍ കൂടി പുറപ്പെട്ടു.
വിവിധ സ്ഥലങ്ങളില്‍ നിന്ന് കെ.എസ്.ആര്.ടി.സി ബസുകളില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ച അതിഥി തൊഴിലാളികളെ തെര്‍മല്‍ സ്കാനിങ്ങിന് വിധേയമാക്കി രോഗമില്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് യാത്രയാക്കിയത്. തിരുവനന്തപുരത്ത് നിന്ന് ജാര്‍ഖണ്ഡിലെ ഹട്ടിയയിലേക്കും എറണാകുളത്ത് നിന്ന് ബിഹാറിലേക്കും ആലുവയില്‍ നിന്ന് ഒഡിഷയിലെ കുര്ദോയിലേക്കും തിരൂരില്‍ നിന്ന് ബിഹാറിലെ ധാന്പൂരിലേക്കും കോഴിക്കോട് നിന്ന് ധന്ബാദിലേക്കുമാണ് നോണ്‍സ്റ്റോപ്പ് ട്രെയിനുകള്‍ പുറപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് 1,124 പേരും എറണാകുളത്ത് നിന്ന് 1,040 പേരും ആലുവയില്‍ നിന്ന് 1,102 പേരും തിരൂരില്‍ നിന്ന് 1,200 പേരും കോഴിക്കോട് നിന്ന് 1,117 പേരുമാണ് സ്വദേശങ്ങളിലേക്ക് മടങ്ങിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ പൊലിസ് അതിഥി തൊഴിലാളികളുടെ ഇടയില്‍ അന്വേഷണം നടത്തുകയും ഓരോ സംസ്ഥാനത്തേക്കും മടങ്ങേണ്ടവരെ കണ്ടെത്തുകയും അവരെ വിവിധ സ്ഥലങ്ങളിലായി പ്രത്യേകം ക്യാംപുകളില്‍ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ടിക്കറ്റിന്റെ തുക റവന്യൂ ഉദ്യോഗസ്ഥര്‍ ഇവരില്‍നിന്ന് ശേഖരിച്ചു. തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് മുന്‍പായി കെ.എസ്.ആര്.ടി.സി ബസുകളില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ച് യാത്രയാക്കുകയായിരുന്നു.
സ്റ്റേഷനുകളില്‍ ഇവരെ പരിശോധിക്കുന്നതിനായി കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് ഇവര്‍ യാത്രയ്ക്ക് അര്‍ഹരാണെന്ന സര്‍ട്ടിഫിക്കറ്റും യാത്രാ ടിക്കറ്റും നല്കി. ശേഷം ഇവര്‍ക്ക് ഫേസ് മാസ്ക്ക്, സോപ്പ്, ഫുഡ് കിറ്റ് എന്നിവ നല്കി യാത്രാ കോച്ചുകളിലേക്ക് അയച്ചു.
ഇന്നലെ ഉച്ചയ്ക്ക് 3.30ന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ജാര്‍ഖണ്ഡിലെ ഹട്ടിയയിലേക്കുള്ള സംഘത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രന്, ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്, അസിസ്റ്റന്റ് കലക്ടര്‍ അനുകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് യാത്രയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."