മുല്ലപ്പെരിയാര്‍: അന്താരാഷ്ട്ര ഏജന്‍സി പരിശോധിക്കണമെന്ന് കേരളം
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിലവിലെ അവസ്ഥ അന്താരാഷ്ട്ര ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടു. ഇക്കാര്യം തമിഴ്‌നാട് സര്‍ക്കാരുമായി ആലോചിച്ച ശേഷം അറിയിക്കാമെന്ന് ഇന്നലെ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി യോഗത്തിനെത്തിയ തമിഴ്‌നാട് പ്രതിനിധി അറിയിച്ചു. ഡാമില്‍ നിന്നു വെള്ളം തുറന്നുവിടുന്നതു സംബന്ധിച്ച സ്പില്‍വേ ഷട്ടര്‍ മാന്വല്‍ നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് അംഗീകരിച്ചു. ഇതിനു രണ്ടുമാസം സമയം അനുവദിക്കണമെന്നാണ് അവരുടെ നിലപാട്. ഡാമിലെ പ്രവര്‍ത്തിക്കാത്ത ഉപകരണങ്ങള്‍ ആറുമാസത്തിനകം പ്രവര്‍ത്തനക്ഷമമാക്കും. ഒമ്പത് മഴമാപിനികള്‍ കേരളം സ്ഥാപിക്കും. അടുത്ത ആഴ്ച മുതല്‍ ആഴ്ചയിലൊരിക്കല്‍ ഉപസമിതി അണക്കെട്ട് പരിശോധിച്ച് ജലനിരപ്പ് വിലയിരുത്തും. സെപ്തംബര്‍ രണ്ടാംവാരം ഉന്നതാധികാര സമിതി വീണ്ടും ഡാം പരിശോധിക്കും. അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്കായി സാധനങ്ങള്‍ കൊണ്ടു പോകുന്നത് സുരക്ഷാ ചുമതലയുള്ള കേരളത്തിനെ അറിയിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. കഴിഞ്ഞ മഴക്കാലത്ത് സ്പില്‍വേ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നത് യോഗത്തില്‍ ചര്‍ച്ചയായി. വള്ളക്കടവില്‍ നിന്ന് അണക്കെട്ടിലേക്കുള്ള റോഡിന്റെ ടാറിങ്, വൈദ്യുതികണക്ഷന്‍, ബേബി ഡാമിലെ അറ്റകുറ്റപ്പണികള്‍ക്കായി മരം മുറിക്കല്‍ എന്നീ ആവശ്യങ്ങള്‍ തമിഴ്‌നാട് ഇത്തവണയും ഉന്നയിച്ചു. ഇവ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷം പരിഗണിക്കും. ഉന്നതാധികാരസമിതിയുടെ പുതിയ ചെയര്‍മാന്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ ഡാം സേഫ്റ്റി റിഹാബിലിറ്റേഷന്‍ പ്രൊജക്ട് ഡയറക്ടര്‍ ഡോ. ബി.ആര്‍.കെ പിള്ള, തമിഴ്‌നാടിന്റെ പുതിയ പ്രതിനിധി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എസ്.കെ. പ്രഭാകരന്‍, കേരളത്തിന്റെ പ്രതിനിധി അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ.കുര്യന്‍ എന്നിവര്‍ കുമളിയിലെ സമിതി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ചു. കേരളത്തിലേയും തമിഴ്‌നാട്ടിലേയും മുല്ലപ്പെരിയാറിന്റെ ചുമതലയുളള ഉദ്യോഗസ്ഥരും എത്തിയിരുന്നു.
ഇന്നലെ രാവിലെ 11 ഓടെ അണക്കെട്ടിലെത്തിയ സംഘം സ്പില്‍വേയും ബേബി ഡാമും ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും ഗാലറിയില്‍ കയറിയില്ല. ഉച്ചയ്ക്കു ശേഷം മൂന്നോടെയായിരുന്നു യോഗം. 114 അടിക്ക് മുകളിലാണ് ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടില്‍ നടത്തേണ്ട അറ്റകുറ്റപ്പണികള്‍ക്കും മറ്റ് പരിശോധനകള്‍ക്കും മേല്‍നോട്ടം വഹിക്കാനാണ് മൂന്നംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചത്. ജലനിരപ്പ് 142 അടിയിലെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് സമിതി അവസാനമായി ഡാം പരിശോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."