വിദ്യാര്‍ഥിനിയുടെ മരണം അന്വേഷണം അട്ടിമറിക്കുന്നതായി ആരോപണം
ചെറുപുഴ: ഇടവരംബിലെ വാഴപ്പറമ്പില്‍ സജി, വാസന്തി ദമ്പതികളുടെ മകള്‍ നിഖില(19)യുടെ മരണത്തില്‍ അന്വേഷണം അട്ടിമറിക്കുന്നതായി പരാതി. ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് മാതാവ് വാസന്തി ആരോപിച്ചു. പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ബി.ബി.എ വിദ്യാര്‍ഥിനിയുമായിരുന്ന നിഖില വിവാഹം കഴിഞ്ഞ് 63ാം ദിനമാണ് വാടകവീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അകന്ന ബന്ധുക്കളായ പെരിങ്ങോം സ്വദേശി കിഴക്കേല്‍ സുമിത്തും മരണപ്പെട്ട നിഖിലയും പ്രണയത്തിലായിരുന്നു. 2016 നവംബര്‍ 11ന് രാത്രി സുമിത്തും കൂട്ടുകാരും ചേര്‍ന്ന് നിഖിലയെ വീട്ടില്‍ നിന്നു കടത്തിക്കൊണ്ട് പോവുകയായിരുന്നു. മാതാപിതാക്കള്‍ ചെറുപുഴ പൊലിസില്‍ പരാതി നല്‍കിയതനുസരിച്ച് വിളിപ്പിച്ചപ്പോള്‍ നിഖില സുമിത്തിനോപ്പം പോവുകയും പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തില്‍ ചിറ്റാരിക്കാല്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാവുകയുമായിരുന്നു.
2017 ജനുവരി 13ന് ആയന്നൂരിലെ വാടക വീട്ടില്‍ വച്ച് നിഖിലയ്ക്ക് പൊള്ളലേല്‍ക്കുകയും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ അഞ്ചാം ദിനം മരണപ്പെടുകയുമായിരുന്നു. നിഖിലയെ ആശുപത്രിയില്‍ എത്തിച്ച അന്നുതന്നെ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ മരണ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയില്‍ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ പൊള്ളലേറ്റു എന്നാണു പറഞ്ഞത്.
സുമിത്തിന്റെ വീട്ടില്‍ പൊലിസ് പരിശോധന നടത്തിയതില്‍ സംശയാസ്പദമായ രീതിയിലുള്ള സംഭവങ്ങള്‍ നടന്നതായും ഇവരുടെ ഫോട്ടോകള്‍ കത്തിച്ച നിലയിലും കണ്ടെത്തി. പിന്നീട് രണ്ടാഴ്ചയ്ക്ക് ശേഷം നിഖിലയുടേതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലിസിന് ലഭിക്കുകയും ചെയ്തു.
തെളിവുകള്‍ പരസ്പര വിരുദ്ധമായതിനാലാണ് വീട്ടുകാരില്‍ കൂടുതല്‍ സംശയം ഉണ്ടാക്കിയത്. കേസന്വേഷണ ചുമതല സ്ഥലം ഡിവൈ.എസ്.പിക്കാണ്. അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാളായ പൊലിസുകാരനും മറ്റുചിലരും ചേര്‍ന്ന് നടത്തുന്ന ഒത്തുകളിയുടെ ഭാഗമായാണ് കേസന്വേഷണം എങ്ങുമെത്താത്തതെന്ന് നിഖിലയുടെ മാതാവ് വാസന്തി ആരോപിക്കുന്നു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് യഥാര്‍ഥ പ്രതികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് മാതാപിതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."